വാഷിങ്ടണ്‍: മാസങ്ങളായി ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ കപ്പലുകള്‍ നീങ്ങിത്തുടങ്ങിയതായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക - ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ധാരണാപത്രത്തില്‍ വെള്ളിയാഴ്ച ഒപ്പുവയ്ക്കുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചതിന് പിന്നാലെയാണു ട്രംപിന്റെ ഈ പ്രസ്താവന പുറത്തുവന്നത്. കരാറിന്റെ ഔദ്യോഗിക രേഖകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രാഥമിക കരാര്‍ പ്രകാരം ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും, ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേലുള്ള യു.എസ്. നാവിക ഉപരോധം പിന്‍വലിക്കുമെന്നും, എല്ലാ മുന്നണികളിലെയും പോരാട്ടം നിര്‍ത്തിവെക്കുമെന്നും ഇരുപക്ഷവും അറിയിച്ചിട്ടുണ്ട്.
'പൂര്‍ണമായും സുരക്ഷിതമായ ഒമാന്റെ പ്രാദേശിക ജലാതിര്‍ത്തിയിലൂടെയുള്ള തെക്കന്‍ 'ഹൈവേ' വഴിയാണ് അവ സഞ്ചരിക്കുന്നത്,' കടലിടുക്കിലെ ഒരു കപ്പല്‍ ഗതാഗത പാതയെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് അറിയിച്ചു. കടല്‍ മൈനുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ പാതയെക്കുറിച്ച് നേരത്തെ ആശങ്കകള്‍ ഉണ്ടായിരുന്നു. യാത്രയ്ക്കായി മറ്റ് പാതകളും ലഭ്യമാണെന്നു ട്രംപ് പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഒപ്പുവയ്ക്കല്‍ ചടങ്ങ് വരെ ഇറാന്റെ തുറമുഖങ്ങളില്‍ നിലവിലുള്ള യു.എസ്. നാവിക ഉപരോധം തുടരുമെന്ന് ഇന്നലെ പുറത്തിറക്കിയ യു.എസ് .സൈനിക നിര്‍ദേശത്തില്‍ പറയുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സാധാരണ നിലയിലേക്ക് മടങ്ങാന്‍ സമയമെടുക്കും
കരാറിനെക്കുറിച്ചുള്ള സൂചനകളെത്തുടര്‍ന്ന് രാജ്യാന്തര എണ്ണ വിപണി ഉണര്‍വ് പ്രകടിപ്പിച്ചെങ്കിലും, കടലിടുക്ക് പൂര്‍ണമായി തുറന്നാലും ഗതാഗതം സാധാരണ നിലയിലാകാന്‍ മാസങ്ങളെടുക്കുമെന്നാണു കണക്കുകൂട്ടുന്നത്. കടല്‍ മൈനുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ 40 മുതല്‍ 50 ദിവസം വരെ നീണ്ടുനിന്നേക്കാമെന്ന് ഷിപ്പിംങ് നാവിക സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എങ്കിലും ചില കമ്പനികള്‍ ഇതിലും നേരത്തെ തന്നെ സര്‍വീസ് ആരംഭിക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്.ഏതാണ്ട് 20,000ത്തോളം ജീവനക്കാരുമായി 500ഓളം കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോകാന്‍ കാത്തുനില്ക്കുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് ഷിപ്പിങ് അറിയിച്ചു.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
കടലിടുക്ക് തുറക്കുന്നതിനുള്ള പദ്ധതിയുടെ ഔദ്യോഗിക വിശദാംശങ്ങളോ അതിന്റെ ഭാവി ഭരണസംവിധാനത്തെക്കുറിച്ചുള്ള സങ്കീര്‍ണമായ ചോദ്യങ്ങളോ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരേ ആക്രമണം നടത്തുന്നതിന് മുമ്പ് ഈ ജലപാത തുറന്നുകിടക്കുകയായിരുന്നു.
ഈ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിപ്പിച്ചെന്നും, ഇറാന് ഈ പാത എളുപ്പത്തില്‍ അടയ്ക്കാനും അല്ലെങ്കില്‍ നികുതി ഈടാക്കാനുമുള്ള ഒരു വലിയ ആയുധമായി മാറിയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലത്തേക്ക് യാതൊരുവിധ നികുതിയും ഇല്ലാതെ തുറന്നുനല്‍കുമെന്നാണ്' താന്‍ പ്രതീക്ഷിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. എന്നാല്‍, നികുതി ചുമത്താനുള്ള നീക്കം ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പുറത്തുവിട്ടിട്ടുണ്ട്.





