
പാരിസ്: പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരമായി ഇറാനുമായുള്ള സമാധാനക്കരാറില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. 'ജി7' ഉച്ചകോടിക്ക് ശേഷം വേഴ്‌സായ് കൊട്ടാരത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പമുള്ള അത്താഴവിരുന്നിനിടെയായിരുന്നു കരാര്‍ ഒപ്പുവയ്‌ക്കല്‍ ചടങ്ങ്.
'ഇറാനും അമേരിക്കയും തമ്മിലുള്ള കരാറില്‍ പ്രസിഡന്റ് ട്രംപ് വേഴ്‌സായില്‍വച്ച് ഒപ്പുവച്ചു. ഈ കരാര്‍ ശാശ്വതമായ സമാധാനത്തിന് വഴിതുറക്കുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ അനുവദിക്കുകയും ചെയ്യും. ഇത് ശരിയായ ദിശയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്, ഇന്ധന വിലയില്‍ കുറവുണ്ടാക്കാനടക്കം ഇതു കാരണമാകും' - മാക്രോണ്‍ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. ചരിത്രം സൃഷ്‌ടിക്കുന്ന കരാറാണു യാഥാര്‍ഥ്യമായതെന്ന് ഇറാന്‍ പ്രതികരിച്ചു.
കരാറില്‍ ഒപ്പുവച്ചതായി സ്‌ഥിരീകരിച്ച ഇറാന്‍, ഇത് എത്രമാത്രം നടപ്പാകുമെന്ന് കാത്തിരുന്നു കാണാമെന്ന് വ്യക്‌തമാക്കി. 'ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാരുടെ ഒപ്പോടെ ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ കരട് അന്തിമരൂപത്തിലായിക്കഴിഞ്ഞു. ഇനി ഈ കരാര്‍ എത്രത്തോളം നടപ്പിലാകുന്നു എന്ന് പരീക്ഷിച്ചറിയേണ്ട സമയമാണ്' -ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന'യെ ഉദ്ധരിച്ച് വിദേശകാര്യ മന്ത്രാലയ വക്‌താവ് എസ്‌മായില്‍ ബാക്വി പറഞ്ഞു.വെള്ളിയാഴ്‌ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ കരാര്‍ ഒപ്പുവയ്‌ക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ജനീവയില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്‌ച നിശ്‌ചയിച്ചതുപോലെ തന്നെ മുന്നോട്ട് പോകുമെന്ന് ഇറാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
രേഖകളില്‍ ഒപ്പുവച്ചതോടെ, അന്തിമ കരാറിന്റെ നിബന്ധനകളില്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇരു പക്ഷത്തിനും 60 ദിവസത്തെ സമയം ലഭിക്കും.അതേസമയം കരാറിലെ വാചകങ്ങള്‍ യു.എസ് ഉദ്യോഗസ്‌ഥര്‍ കോണ്‍ഫറന്‍സ് കോളിലൂടെ വിശദീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്‌തു. ഞായറാഴ്‌ച ട്രംപ് പ്രഖ്യാപിച്ച കരാറിന്റെ വ്യവസ്‌ഥകള്‍ സുതാര്യമല്ലെന്ന വിമര്‍ശനം ശക്‌തമായ സാഹചര്യത്തിലായിരുന്നു നടപടി.
'അമേരിക്കന്‍ ഐക്യനാടുകളും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മിലുള്ള ഇസ്ലാമാബാദ് ധാരണാപത്രം' എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ രേഖ, ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികള്‍ ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നു.കരാര്‍ വ്യവസ്‌ഥകള്‍ അനുസരിച്ച്, 30 ദിവസത്തിനുള്ളില്‍ ഇറാന് മേലുള്ള നാവിക ഉപരോധം നീക്കാന്‍ യു.എസ് ബാധ്യസ്‌ഥരാണ്. ഈ കാലയളവിനുള്ളില്‍ കപ്പല്‍ ഗതാഗതം യുദ്ധത്തിന് മുന്‍പുള്ള അവസ്‌ഥയിലേക്ക് പുനഃസ്‌ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമ കരാര്‍ രൂപീകരിച്ച് 30 ദിവസത്തിനുള്ളില്‍ മേഖലയില്‍നിന്ന് യു.എസ് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുമെന്നും രേഖയില്‍ വ്യക്‌തമാക്കുന്നുണ്ട്.മാത്രമല്ല, വാണിജ്യ കപ്പലുകള്‍ക്ക് അടുത്ത 60 ദിവസത്തേക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കാതെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ഇറാന്‍ തങ്ങളുടെ പരമാവധി ശ്രമങ്ങള്‍ നടത്തുമെന്നും ധാരണാപത്രത്തില്‍ പറയുന്നു.ഫെബ്രുവരി 28-ന് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും ആദ്യമായി ആക്രമണം തുടങ്ങിയതിന് ശേഷം ഏകദേശം 110 ദിവസത്തോളം നീണ്ടുനിന്ന യുദ്ധത്തിനാണ് കരാറിലൂടെ വിരാമമാകുന്നത്.




