ബെയ്‌റൂട്ട്/ജെറുസലേം/ലണ്ടന്‍: യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തില്‍ യു.എസും ഇറാനും ഒപ്പുവച്ചതിനു പിന്നാലെ 60 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി സൗദി പതാകയുടെ മൂന്നു കപ്പലുകള്‍ ഹോര്‍മൂസ് കടലിലടുക്ക് കടന്നു. വെടിനിര്‍ത്തില്‍ പ്രാബല്യത്തില്‍ വന്നശേഷം ഹോര്‍മൂസ് കടക്കുന്ന ആദ്യ കപ്പലുകളാണിവ. സംഘര്‍ഷാവസ്‌ഥ അയഞ്ഞതോടെ ബ്രെന്റ് ക്രൂഡ് വില 2% കുറഞ്ഞ് ബാരലിന് 78 ഡോളറില്‍ താഴെയെത്തി. യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കാണിത്. അതേ സമയം, ലെബനനുനേരേ ഇസ്രയേല്‍ ഇന്നലെയും വ്യോമാമ്രണം തുടര്‍ന്നു. നേരത്തെ അറിയിച്ചിരുന്നതിനേക്കള്‍ രണ്ടു ദിവസം മുമ്പ് ബുധനാഴ്‌ചയാണ് യു.എസ്. പ്രസിഡന്റ് ട്രംപും ഇറാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണമെന്നും ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ യു.എസ്. ഉപരോധം പിന്‍വലിക്കണമെന്നും ധാരണപത്രത്തില്‍ പറയുന്നു. കടലിടുക്കിലൂടെയുള്ള ഗതാഗതം യുദ്ധത്തിനു മുമ്പുള്ള നിലയിലേക്കെത്താന്‍ സമയമെടുക്കുമെന്നാണു സൂചന. സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയും മൈനുകള്‍ നീക്കംചെയ്യുകയും വേണം. എവിടെയാണെന്ന് അറിയാതിരിക്കാന്‍ ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്‌തിരുന്ന കപ്പലുകള്‍ ഇപ്പോള്‍ തങ്ങളുടെ സ്‌ഥാനം പരസ്യപ്പെടുത്തി യാത്രയ്‌ക്കുള്ള ഒരുക്കത്തിലാണ്.
ധാരണാപത്രം ഒപ്പിട്ടശേഷവും ചര്‍ച്ചകള്‍ തുടരും. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമകരാര്‍ 60 ദിവസത്തിനുള്ളില്‍ ഒപ്പിടും. കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എസും ഇസ്രയേലും സംയുക്‌തമായി ഇറാനുനേരേ ആക്രമണം നടത്തിയതോടെയാണ് യുദ്ധം തുടങ്ങിയത്.
ലബനനുനേരേ ഇസ്രയേല്‍ നടത്തുന്ന ആക്രമണവും അവസാനിപ്പിക്കുമെന്നു ധാരണാപത്രത്തില്‍ പറയുന്നുണ്ടെങ്കിലും ഇസ്രയേല്‍ ആക്രമണം തുടരുന്നത് സമാധാനശ്രമങ്ങളില്‍ കരിനിഴല്‍ വീഴ്‌ത്തി. ഇസ്രയേലിന്റെ നിലപാടിനെ യു.എസ്. പ്രസിഡന്റ് ട്രംപ് അടുത്തിടെ വിമര്‍ശിച്ചിരുന്നു. സമാധാനചര്‍ച്ചകളില്‍ ഇസ്രയേല്‍ പങ്കെടുത്തിരുന്നില്ല. ഹിസ്‌ബുള്ളയെ നേരിടാനായി കഴിഞ്ഞ മാര്‍ച്ചില്‍ അധിനിവേശം തുടങ്ങിയ ഇസ്രയേല്‍ തെക്കന്‍ ലെബനന്റെ വലിയൊരുഭാഗം പിടിച്ചെടുത്തിട്ടുമുണ്ട്. തെക്കന്‍ ലെബനനിലെ തങ്ങളുടെ സൈനികവിന്യാസം തുടരണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. ഇതിനായി യു.എസുമായി ചര്‍ച്ച നടത്തുമെന്നും ഇസ്രയേലി ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.





