ജെറുസലേം: യു.എസ്- ഇറാന് സമാധാന കരാറിനെയും ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കലിനെയും ലോകമെമ്പാടും സ്വാഗതം ചെയ്യുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടില്‍ ഇസ്രയേല്‍. ലെബനില്‍ ഹിസ്ബുള്ളയ്ക്കെതിരായ തങ്ങളുടെ ആക്രമണത്തിന് തടയിട്ടാല്‍ ഇറാനെതിരേ സര്‍വശക്തിയും ഉപയോഗിച്ച് ആഞ്ഞടിക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ ഒപ്പുവയ്ക്കാന്‍ പോകുന്ന സമാധാന കരാറിനെതിരേ ഇസ്രേലി നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നു. ട്രംപ് പ്രഖ്യാപിച്ച കരാര്‍ ഇസ്രയേലിന് ബാധകമല്ലെന്ന് മന്ത്രിമാര്‍ സാമൂഹിക മാധ്യമങ്ങില്‍ തുറന്നടിച്ചു. 'ഇസ്രയേല്‍ അമേരിക്കയ്ക്ക് വിധേയമല്ല. ഞങ്ങള്‍ ബനാന റിപ്പബ്ലിക്കല്ല. സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണ്' - ദേശീയ സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പ്രസ്താവിച്ചു.
'നമ്മുടെ സുരക്ഷ ഉറപ്പാക്കാത്ത കരാറില്‍ നമ്മള് പങ്കാളികളല്ല. ഹിസ്ബുള്ളയെ തകര്‍ക്കുക എന്നതില്‍ കുറഞ്ഞ ഒന്നിലും നമ്മള് നീക്കുപോക്കിനില്ല. നമ്മുടെ പോരാളികള്‍ പിടിച്ചെടുത്തിടത്തുനിന്ന പിന്‍വാങ്ങരുത്. ആയിരക്കണക്കിന് ഭീകരര്‍ വടക്കന്‍ വാസസ്ഥലങ്ങളുടെ വേലികളില്‍ നിലയുറപ്പിക്കുന്ന സാഹചര്യത്തിലേക്ക് ഇനി നമ്മള് മടങ്ങരുത്'- തീവ്രവലതുപക്ഷ നിലപാടുകാരനായ ബെന്‍ ഗ്വിര്‍ കൂട്ടിച്ചേര്‍ത്തു.
കരാര്‍ ഇസ്രയേലിനും സ്വതന്ത്ര ലോകത്തിനും ദോഷകരമാണെന്ന് ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് അഭിപ്രായപ്പെട്ടു. ഇറാന്റെ കൈയിലെ ആണവായുധങ്ങള്‍ ബാക്കിവയ്ക്കരുതെന്ന് ധനമന്ത്രി എക്സില്‍ കുറിച്ചു. ലെബനന്, സിറിയ, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍നിന്ന് ഇസ്രയേല്‍ ഒഴിഞ്ഞുപോകില്ലെന്ന് പ്രതിരോധ മന്ത്രി കാറ്റ്സും ആവര്‍ത്തിച്ചു.
ഫെബ്രുവരി 28 നാണ് യു.എസും ഇസ്രയേലും ഇറാനെതിരേ സംയുക്ത ആക്രമണം ആരംഭിച്ചത്. ഇതോടെ പശ്ചിമേഷ്യ സംഘര്‍ഷഭരിതമായി.
ഗള്‍ഫിലെ യു.എസ് താവളങ്ങള്‍ക്കു നേരേ ഇറാന് ആക്രമണം ഴിച്ചുവിട്ടതും ആ രാജ്യങ്ങളും സംഘര്‍ഷത്തില്‍ അകപ്പെട്ടു. അതിനിടെ, ഇസ്രയേലും ഹിസ്ബുള്ളയും ആക്രമണപ്രത്യാക്രമണങ്ങള്‍ കടുപ്പിച്ചു. ഹിസ്ബുള്ള ഒളിയിടമാക്കിയിരിക്കുന്ന ലെബനനിലേക്കും ഇതിനിടെ ഇസ്രയേല്‍ ആക്രമണം വ്യാപിച്ചു.
ഇസ്രയേലിന്റെ പ്രധാന ആധി ഇറാന്റെ ആണവ, യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ടതാണ്. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ യു.എസ്. വിട്ടുനല്‍കുന്നതിലും ഇറാന് യോജിപ്പില്ല.
ലെബനന്, യെമന്‍, ഗാസ മുനമ്പ് എന്നിവിടങ്ങളിലെ സായുധ ഗ്രൂപ്പുകള്‍ക്ക് ഇറാന് നല്കുന്ന പിന്തുണയാണ് ഇസ്രയേലിനെ ചൊടിപ്പിക്കുന്ന മറ്റൊന്ന്. ഇതിലൊന്നും വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ചനിലപാടിലാണ് ഇസ്രയേല്‍.ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് അടക്കം സമാധാന കരാറിനെതിരാണ്. കരാര്‍ നടപ്പായാല്‍, അത് ഇസ്രയേലിന്റെ വിദേശ, സുരക്ഷാ നയത്തിന്റെ ഏറ്റവും ഞെട്ടിക്കുന്ന പരാജയങ്ങളില്‍ ഒന്നായിരിക്കുമെന്ന് നെതന്യാഹുവിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.




