
ടെഹ്റാന്/വാഷിങ്ടണ്‍: പശ്ചിമേഷ്യക്കും ലോകത്തിനാകെയും ആശ്വാസം പകര്‍ന്ന്, മൂന്ന് മാസത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയതായി യു.എസും ഇറാനും പ്രഖ്യാപിച്ചു. 19 ന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ധാരണാപത്രം ഒപ്പിടും. ഇറാനുമായി ധാരണയിലെത്തിയെന്നും എണ്ണ ഒഴുകട്ടെയെന്നുമായിരുന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.
'ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഞാന്‍ പൂര്‍ണമായി അംഗീകാരം നല്കുന്നു. യു.എസിന്റെ നാവിക ഉപരോധം നീക്കാനും. കപ്പലുകളേ, നിങ്ങളുടെ എന്‍ജിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ., എണ്ണ ഒഴുകട്ടെ!'-ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
കരാറില്‍ ഒപ്പുവച്ചാല്‍ ആഗോള എണ്ണ വ്യപാരത്തിന്റെ പ്രധാനപാതയായ ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കും. ഇന്ധനപ്രതിസന്ധി നേരിടുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇത് ആശ്വാസമാകും. കരാര്‍ ഒപ്പുവച്ചശേഷമേ ധാരണപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവിടൂ. എന്നാല്‍, ലെബനന് ഉള്‍പ്പെടെ എല്ലാ മേഖലകളിലെയും സൈനിക പ്രവര്‍ത്തനങ്ങള്‍ ഉടനടിയും ശാശ്വതമായും നിര്‍ത്തിവയ്ക്കുന്നതിനും ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം നീക്കുന്നതിനുമുള്ള വ്യവസ്ഥകള്‍
കരാറിലുണ്ടെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു. യു.എസ്. കരാര്‍ നടപ്പാക്കുന്നതു തങ്ങള്‍ നിരീക്ഷിക്കുമെന്നും ഇറാന് വ്യക്തമാക്കി.
ലെബനന് വിഷയം ഉള്‍പ്പെടെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാന്‍ യു.എസും ഇറാനും സമ്മതിച്ചതോടെ ലോകം ചരിത്രപരമായ ഒരു നാഴികക്കല്ലിലെത്തിയതായി ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചിരുന്ന പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
അതേസമയം, ചില കാര്യങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇറാനുമേലുള്ള ഉപരോധങ്ങളില്‍ എത്രത്തോളം ഇളവ് അനുവദിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുമോ, ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം എന്നിവയാണ് അതില്‍ പ്രധാനം.
ലെബനനുമേല്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകളെ പലപ്പോഴും താളംതെറ്റിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കരാറില്‍ ലെബനന് യുദ്ധവും അവസാനിപ്പിക്കുമെന്നു വ്യവസ്ഥയുണ്ടെന്ന് പാക് പ്രധാനമന്ത്രിയും ഇറാന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബാദിയും പ്രസ്താവിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഹിസ്ബുള്ളയുടെയും ലെബനന്റെയും ഭീഷണികള്‍ക്കു മറുപടി നല്‍കാനുള്ള അവകാശം നിലനിര്‍ത്തുമെന്നാണ് ഇസ്രയേലിന്റെ നിലപാട്. ലെബനന്, സിറിയ, ഗാസ എന്നിവിടങ്ങളില്‍നിന്ന് പിന്മാറില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു യു.എസ്. പ്രസിഡന്റിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.
ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ പകുതിയോളം യു.എസ്. ഉടന്‍ വിട്ടുനല്‍കുമെന്ന് കരാറില്‍ പറയുന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ഇറാന് കരാര്‍ നടപ്പാക്കുന്നതിനെ ആശ്രയിച്ചായിരിക്കുമിതെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാന്റെ 2400 കോടി ഡോളറിന്റെ ആസ്തികളാണു യു.എസ്. മരവിപ്പിച്ചിരിക്കുന്നത്. ധാരണാപത്രം ഒപ്പിട്ട ശേഷം അന്തിമ കരാറിനായി ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും.
ട്രംപിന് 'ജന്മദിനസമ്മാനം' നല്‍കാതെ ഇറാന്!
വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാനക്കരാര്‍ തന്റെ 80-ാം ജന്മദിനമായ ജൂണ്‍ 14-ന് പ്രഖ്യാപിക്കാനായിരുന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഗ്രഹം. അന്നു തന്നെ ട്രംപ് പ്രഖ്യാപനം നടത്തുകയും ചെയ്തു. എന്നാല്‍, ഇറാന് ഉടന്‍ പ്രതികരിച്ചില്ല. ട്രംപിന് ഒരു 'ജന്മദിന സമ്മാനം' നല്കാന് അവര്‍ തയാറായില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള 7.5 മണിക്കൂര്‍ സമയവ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ ഇറാന് കാത്തിരുന്നു. അര്‍ധരാത്രി 12 മണിക്കു ശേഷം, രാജ്യത്ത് ജൂണ്‍ 15 ആയപ്പോഴാണ് ഇറാന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യു.എസില്‍ അപ്പോള്‍ ജൂണ്‍ 14 തന്നെയായിരുന്നു.
ട്രംപിന്റെ ജന്മദിനത്തില് സുപ്രധാന പ്രഖ്യാപനം നടത്തുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും ട്രംപിന്റെ നേട്ടമായി അതു വ്യാഖ്യാനിക്കപ്പെടുമെന്നും ഇറാന് അധികൃതര്‍ ആശങ്കപ്പെട്ടിരുന്നു. ഇതൊഴിവാക്കാനാണ് ഇറാന് പ്രഖ്യാപനം വൈകിപ്പിച്ചത്. അതേ സമയം, തന്റെ ജന്മദിനത്തില് കരാര്‍ പ്രഖ്യാപിച്ചെന്ന് ട്രംപിന് യു.എസില്‍ അവകാപ്പെടുകയും ചെയ്യാം.




