
ലണ്ടന്‍: ഇറാന് യുദ്ധം അവസാനിക്കുന്നതായി അമേരിക്ക അറിയിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞു. ഓഹരി വിപണികളിലും ഉണര്‍വുണ്ടായി. ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന പ്രതീക്ഷയാണു വിപണിയില്‍ പ്രതിഫലിച്ചത്. ബ്രെന്റ് ക്രൂഡിന്റെ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 82.84 ഡോളര്‍ ആയി. അതേസമയം, ഏഷ്യന്‍ വിപണികളില്‍ ഉള്‍പ്പെടെ ഓഹരി വിപണികള്‍ വന്‍ മുന്നേറ്റം രേഖപ്പെടുത്തി.
അമേരിക്കയുമായുള്ള കരാറിന് അന്തിമരൂപമായതായി ഇറാന്റെ ഉപവിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി ഔദ്യോഗിക ടെലിവിഷന്‍ വഴിയുള്ള ഫോണ്‍ കോളില്‍ സ്ഥിരീകരിച്ചു. അതേസമയം 'ഇനി എണ്ണ ഒഴുകട്ടെ!' എന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കരാറിന്റെ കൃത്യമായ വിശദാംശങ്ങള്‍ പുറത്തുവിടാത്തത് 'വിപണിയില്‍ അസ്വസ്ഥതയും അനിശ്ചിതത്വവും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്'. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരേ വ്യോമാക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണു ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടത്.
സംഘര്‍ഷം ആരംഭിച്ചതോടെ, ലോകത്തെ ആകെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും 20 ശതമാനത്തോളം കടന്നുപോകുന്ന ഈ നിര്‍ണായക ജലപാത ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ടെഹ്റാന് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ആഗോള ഊര്‍ജ വിപണി കടുത്ത അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. ഈ യുദ്ധത്തിലെ ഓരോ പുതിയ സംഭവവികാസങ്ങള്‍ക്കും അനുസരിച്ച് വിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ബാരലിന് 70 ഡോളര്‍ നിലവാരത്തിലായിരുന്ന ബ്രെന്റ് ക്രൂഡ് വില, യുദ്ധസമയത്ത് 120 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
സമാധാന കരാറിനെ നിക്ഷേപകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ഇന്നലെ ഏഷ്യന്‍ ഓഹരി വിപണികള്‍ കുതിച്ചുയര്‍ന്നു. ജപ്പാന്റെ നിക്കേയ് 225 ഓഹരി സൂചിക 5 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍, ദക്ഷിണ കൊറിയയുടെ 'കോസ്പി' 5.2 ശതമാനം ഉയര്‍ന്നു.
എണ്ണയ്ക്കും എല്‍.എന്‍.ജി. വിതരണത്തിനുമായി മിഡില്‍ ഈസ്റ്റിനെ വളരെയധികം ആശ്രയിക്കുന്ന പ്രദേശമായതിനാല്‍, ഊര്‍ജവില വര്‍ധന ഏഷ്യന്‍ മേഖലയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു.യൂറോപ്പില്‍, ജര്‍മ്മനിയുടെ ഡാക്സ് സൂചിക 1.3 ശതമാനവും ഫ്രാന്‍സിന്റെ കാക് 40 സൂചിക 1.2 ശതമാനവും ഉയര്‍ന്നു.
ലണ്ടനിലെ എഫ്.ടി.എസ്.ഇ 100 സൂചികയില്‍ 0.1 ശതമാനത്തിന്റെ നേരിയ വര്‍ധന മാത്രമാണ് ഉണ്ടായത്. എണ്ണവില കുറഞ്ഞെന്ന വാര്‍ത്തയെ തുടര്‍ന്ന് വലിയ കമ്പനികളായ ബിപി, ഷെല്‍ എന്നീ ഊര്‍ജ ഭീമന്മാരുടെ ഓഹരി വില ഇടിഞ്ഞതാണ് മറ്റ് വിപണികളെ അപേക്ഷിച്ച് ഇവിടെ നേട്ടം കുറയാന്‍ കാരണം.




