
വാഷിങ്ടണ്‍: അതിവേഗ വ്യോമയാന യാത്രകള്‍ക്ക് വഴിതുറന്നുകൊണ്ട് നാസയുടെ 'സണ്‍ ഓഫ് കോണ്‍കോര്‍ഡ്' സൂപ്പര്‍സോണിക് വിമാനം ചരിത്രത്തിലാദ്യമായി ശബ്ദവേഗതയുടെ പരിധി മറികടന്നു. 'എക്സ്59' എന്ന് പേരിട്ടിരിക്കുന്ന, 24.7 കോടി ഡോളര്‍ വിലമതിക്കുന്ന ഈ ജെറ്റ് വിമാനം പരീക്ഷണ പറക്കലിനിടെ മാക് 1.1 അഥവാ മണിക്കൂറില്‍ 1,150 കിലോ മീറ്റര്‍ എന്ന പരമാവധി വേഗം കൈവരിച്ചു.
കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസില്‍നിന്നും വിമാനം പറന്നുയര്ത്തിയ ടെസ്റ്റ് പൈലറ്റ് ജിം ക്ലൂ ലെസ്, 43,400 അടി (13,200 മീറ്റര്‍) ഉയരത്തില്‍വച്ചാണ് ഈ പുതിയ വേഗത റെക്കോഡ് കുറിച്ചതിന് ശേഷം തിരികെ ലാന്‍ഡ് ചെയ്തത്.
പരീക്ഷണ പറക്കല്‍ വെറും 81 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെങ്കിലും, വിഖ്യാത വിമാനമായ കോണ്‍കോര്‍ഡ് സര്‍വീസ് അവസാനിപ്പിച്ചതിന് ശേഷം ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് നാല് മണിക്കൂറിനുള്ളില്‍ സൂപ്പര്‍സോണിക് വിമാനത്തില്‍ എത്തിച്ചേരാനുള്ള ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്.
തങ്ങളുടെ ഈ പരീക്ഷണ വിമാനത്തെ കൂടുതല്‍ വേഗത്തിലേക്ക് എത്തിക്കാനാണ് നാസ പദ്ധതിയിടുന്നത്. വരും ദിവസങ്ങളില്‍ തന്നെ എക്സ്59 വീണ്ടും പറക്കുമെന്നും മാക് 1.4 അഥവാ മണിക്കൂറില്‍ 1,490 കിലോ മീറ്റര്‍ വേഗം കൈവരിക്കുമെന്നും നാസ അഡ്മിനിസ്ട്രേറ്റര്‍ ജാരെഡ് ഐസക്മാന് പറഞ്ഞു.
വിമാനത്തിന്റെ സവിശേഷമായ രൂപകല്‍പ്പന സോണിക് ബൂമിനെ (ശബ്ദ വിസ്ഫോടനം) വലിയ തോതില്‍ കുറയ്ക്കുമെന്നാണു നാസയുടെ പ്രതീക്ഷ. എക്സ്59 അതിന്റെ ശാന്തമായ സൂപ്പര്‍സോണിക് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്- ഐസക്മാന് കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍സോണിക് വിമാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണു സോണിക് ബൂം. ജെറ്റ് വിമാനം ആകാശത്തിലൂടെ കുതിക്കുമ്പോള്‍, വെള്ളത്തിലൂടെ ഒരു ബോട്ട് നീങ്ങുന്നത് പോലെ വായുവിനെ തള്ളിമാറ്റുകയും ശബ്ദതരംഗങ്ങളുടെ രൂപത്തില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
എന്നാല്‍ ശബ്ദത്തേക്കാള്‍ വേഗത്തില്‍ വിമാനം സഞ്ചരിക്കുമ്പോള്‍ ഈ ശബ്ദതരംഗങ്ങളുടെ വേഗതയെ വിമാനം മറികടക്കും. ഇതോടെ ഈ തരംഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് കംപ്രസ്സ് ചെയ്യപ്പെടുകയും വലിയൊരു ഷോക്ക്വേവ് ആയി മാറുകയും ചെയ്യും. കോണ്‍കോര്‍ഡ് പോലുള്ള സൂപ്പര്‍സോണിക് വിമാനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവയ്ക്ക് പിന്നാലെ ശക്തമായ ഷോക്ക്വേവുകള് നിരന്തരമായി ഉണ്ടാകുന്നുണ്ട്. ഈ വിമാനങ്ങള്‍ നമുക്ക് മുകളിലൂടെ കടന്നുപോകുമ്പോള്‍ കേള്‍ക്കുന്ന വലിയ ഇടിമുഴക്കം പോലുള്ള ശബ്ദമാണ് 'സോണിക് ബൂം'.
ഈ ശബ്ദത്തിന്റെ തീവ്രത 110 ഡെസിബെല്‍ വരെയാകാം (ഇത്രയും ശബ്ദം തുടര്‍ച്ചയായി കേട്ടാല്‍ കേഴ്വി ശക്തിയെ ബാധിക്കും). അതുകൊണ്ട് തന്നെ ജനവാസ മേഖലകള്‍ക്ക് മുകളിലൂടെയുള്ള സൂപ്പര്‍സോണിക് വിമാനങ്ങളുടെ പറക്കല്‍ സാധാരണയായി നിരോധിച്ചിട്ടുള്ളതാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് ക്വയറ്റ് സൂപ്പര്‍സോണിക് ടെക്നോളജി വികസിപ്പിക്കാന്‍ നാസ ശ്രമിച്ചത്.
ആ ശ്രമങ്ങളുടെ വിജയമാണ് എക്സ്59 സൂപ്പര്‍സോണിക് ജെറ്റ്. ഇത് ജനവാസ മേഖലകള്‍ക്ക് മുകളിലൂടെ പോലും ശബ്ദശല്യമില്ലാതെ പറക്കാന്‍ സൂപ്പര്‍സോണിക് വിമാനങ്ങളെ പ്രാപ്തമാക്കും.
2016ല്‍ നാസ നല്കിയ 24.75 കോടി ഡോളറിന്റെ ഡിസൈന്‍ കരാറിനെത്തുടര്‍ന്ന് അമേരിക്കന്‍ എയ്റോസ്പേസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്റെ 'സ്കങ്ക് വര്‍ക്സ്' വിഭാഗമാണ് ഈ വിമാനം വികസിപ്പിച്ചെടുത്തത്. സോണിക് ബൂം ശബ്ദത്തെ ചിതറിച്ചുകളയാനും കുറയ്ക്കാനും സഹായിക്കുന്ന രീതിയിലുള്ള തികച്ചും വ്യത്യസ്തമായ ഒരു ജ്യാമിതീയ രൂപകല്‍പ്പനയാണ് ഇതിന്റെ പ്രത്യേകത.
ഒരു സാധാരണ ജെറ്റ് വിമാനത്തില്‍നിന്നുള്ള ഏറ്റവും വലിയ വ്യത്യാസം ഇതിന്റെ നീളമേറിയതും കൂര്‍ത്തതുമായ മുന്‍ഭാഗമാണ്. ഇത് വിമാനത്തിന്റെ ആകെ നീളത്തിന്റെ മൂന്നിലൊന്ന് വരും. ഷോക്ക്വേവുകളെ തകര്‍ക്കാന്‍ തക്കവണ്ണമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എന്നാല്‍ ഈ പുതിയ ഡിസൈന്‍ കാരണം വിമാനത്തിന്റെ കോക്പിറ്റ് മധ്യഭാഗത്തായിട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ പൈലറ്റിന് മുന്നിലേക്ക് നേരിട്ട് കാണാന്‍ വിന്‍ഡോകള്‍ ഇല്ല.
ഇതിന് പകരമായി, വിമാനത്തിന്റെ മുന്നിലുള്ള കാഴ്ചകള്‍ കാണാന്‍ എക്സ്റ്റേണല്‍ വിഷന്‍ സിസ്റ്റം എന്ന് വിളിക്കുന്ന ക്യാമറകളും ഓഗ്മെന്റഡ് റിയാലിറ്റി ഡിസ്പ്ലേകളും അടങ്ങിയ സംവിധാനമാണ് പൈലറ്റ് ഉപയോഗിക്കുന്നത്.നാസയുടെ അഭിപ്രായത്തില്‍, ഈ സാങ്കേതികവിദ്യ കാരണം വിമാനം കടന്നുപോകുമ്പോള്‍ ഭൂമിയില്‍ കേള്‍ക്കുന്ന ശബ്ദം വളരെ അകലെയുള്ള ഇടിമുഴക്കം പോലെയോ അല്ലെങ്കില്‍ 20 അടി അകലെ ഒരു കാറിന്റെ വാതില്‍ അടയ്ക്കുന്നത് പോലെയോ മാത്രമായിരിക്കും.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, നാസ എക്സ്59 നെ അതിന്റെ ആദ്യത്തെ 'മിഷന് കണ്ടീഷന്‍ പറക്കലിന് അയക്കും. അതില്‍ 55,000 അടി (16,764 മീറ്റര്‍) ഉയരത്തില്‍ മാക് 1.4 ക്രൂയിസിങ് വേഗത ഇത് കൈവരിക്കും.




