
തിരുവനന്തപുരം: സ്ത്രീകള്‍ക്കു സൗജന്യയാത്ര അനുവദിച്ച് കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസുകള്‍ ഇന്നലെ പ്രിയദര്‍ശിനി പദ്ധതിക്കു ഗീയറിട്ടു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിച്ചു.
പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയായിരുന്നു ഉദ്ഘാടനയാത്ര. പെരുമ്പാവൂര്‍ ഡിപ്പോയിലെ ൈഡ്രവര്‍ ഷീല വളയം പിടിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ ജയകുമാരി 'സീറോ' ടിക്കറ്റ് നല്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വി.ഐ.പികള്‍ ഈ ബസില്‍ യാത്രചെയ്തു. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലായി 3,125 ബസുകളിലാണ് സൗജന്യ യാത്രാസൗകര്യം ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നിവയിലാണിത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ട്രാന്സ്ജെന്ഡേഴ്സിനുമാണ് യാത്രാസൗജന്യം. വിദ്യാര്‍ഥിനികള്‍ക്ക് ഇതോടെ പ്രത്യേക കണ്സഷന് ടിക്കറ്റ് ആവശ്യമില്ലാതായി. സൗജന്യയാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിക്കും.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു കെ.എസ്.ആര്.ടി.സിയില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പ്രകടനപത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു.






