
തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുംമുമ്പ് കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസില്‍ സ്ത്രീകള്‍ക്ക് പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി നടപ്പിലാക്കാനായത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല, ആദരമാണെന്നും പദ്ധതി ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി.
സ്ത്രീകള്‍ക്ക് അഭിമാനത്തോടെ സര്‍ക്കാര്‍ വണ്ടിയില്‍ യാത്ര ചെയ്യാം. സാധാരണക്കാരായ സ്ത്രീകളും മത്സ്യത്തൊഴിലാളികളും ഫ്ളാറ്റുകളില്‍ ജോലി ചെയ്യുന്ന
പാവപ്പെട്ടവരും വിദ്യാര്‍ഥിനികളും ആശുപത്രികളിലേക്കും ബാങ്കുകളിലേക്കും പോകുന്നവരുമൊക്കെയാണ് കെ.എസ്.ആര്.ടി.സിയിലെ യാത്രക്കാര്‍. നിറകണ്ണോടെ കേരളത്തിലെ സ്ത്രീകള്‍ക്ക് പദ്ധതി സമര്‍പ്പിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിനു പിന്നാലെ തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസ് പ്രിയദര്‍ശിനി സര്‍വീസിന്റെ കന്നിയാത്ര നടത്തി. തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയായിരുന്നു സര്‍വീസ്. തമ്പാനൂര്‍ ഡിപോയില്നിന്നും സെക്രട്ടേറിയറ്റുവരെ മുഖ്യമന്ത്രി ബസില്‍ യാത്രചെയ്തു. മന്ത്രിമാരായ സി.പി. ജോണും കെ.എ. തുളസിയും ഒപ്പമുണ്ടായിരുന്നു.
പ്രിയദര്‍ശിനി പദ്ധതി സാമ്പത്തിക സാമൂഹിക പ്രതിഫലനങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോഴും, കെ.എസ്.ആര്.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കാമെന്ന വിശ്വാസമുണ്ട്. ഗതാഗത മന്ത്രിയിലും ടീമിലും വിശ്വാസമുണ്ട്. സൗജന്യ യാത്രയിലൂടെ സ്വകാര്യ മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.






