
തിരുവനന്തപുരം: എല്ലാ കെ.എസ്.ആര്.ടി.സി. ബസുകളിലും സ്ത്രീകള്‍ക്കു സൗജന്യയാത്ര ഉറപ്പാക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് അട്ടിമറിച്ചെന്ന് ആരോപിച്ച് ബി.ജെ.പി. സംസ്ഥാനവ്യാപകമായി പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. മുഴുവന്‍ ബസുകളിലും യാത്ര സൗജന്യമാക്കുംവരെ പ്രതിഷേധം തുടരുമെന്നു നേതാക്കള്‍.സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ശേഷം, പദ്ധതി ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. 3000ത്തിലധികം ബസുകള്‍ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്പാസഞ്ചര്‍ വിഭാഗത്തിലേക്ക് മാറ്റിയതോടെ ആയിരക്കണക്കിനു സ്ത്രീകള്‍ക്ക് ആ ആനുകൂല്യം നിഷേധിക്കപ്പെട്ടെന്നും ബി.ജെ.പി. ആരോപിച്ചു.
തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ മാര്‍ച്ച് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. കോട്ടയം ഈസ്റ്റ് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ പൊന്‍കുന്നം കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കണ്ണൂര്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ താമരശേരി സ്റ്റാന്‍ഡിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന വക്താവ് അഡ്വ. വി.പി. ശ്രീപത്മനാഭന് ഉദ്ഘാടനം ചെയ്തു.






