
കൊല്ലം: പ്രിയദര്‍ശിനി സൗജന്യയാത്രയുടെ ഉദ്ഘാടനവേളയില്‍ കൊല്ലത്ത് കല്ലുകടി. ബസ് യാത്രയ്ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ ദേഹത്തു ചൂടു പായസം വീണു. കുണ്ടറയില്‍നിന്നു കായംകുളത്തേക്കു സര്‍വീസ് നടത്തിയ മറ്റൊരു പ്രിയദര്‍ശിനി ബസ് പാതിവഴിയില്‍ പണിമുടക്കി.
ഇന്നലെ രാവിലെ കൊല്ലം കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടനത്തിനിടെയാണ് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണത്. ഉദ്ഘാടനവേളയില്‍ ആഹ്ലാദം പങ്കുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പായസം വിതരണം ചെയ്തത്. ബസില്‍ മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗം പായസം കൈമാറുമ്പോഴാണ് മന്ത്രിയുടെ തലയില്‍ വീണത്. നിലവിളിയോടെ സീറ്റില്‍നിന്ന് മന്ത്രി ചാടി എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മുഖവും തലയും വൃത്തിയാക്കി. ഇതിനിടെ മന്ത്രി ദേഷ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ചിന്നക്കട വരെ ബസില്‍ യാത്രചെയ്ത ശേഷം മന്ത്രി മടങ്ങി.
ഇതേസമയം, രാവിലെ എട്ടരയോടെ യാത്രക്കാരുമായി പോയ മറ്റൊരു ബസ് എയര്‍ ലീക്കായി വഴിയിലായി. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. കൊല്ലം ഡിപ്പോയിലെ മെക്കാനിക്കല്‍ ജീവനക്കാരെത്തിയാണ് ബസിന്റെ തകരാര്‍ പരിഹരിച്ചത്.






