
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജയിലില്‍ കഴിഞ്ഞ മുന്‍ എം.എല്‍.എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.
സ്വര്‍ണക്കൊള്ളക്കേസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണമായെന്നു വിവിധ ഘടകങ്ങള്‍ വിമര്‍ശിക്കുകയും സംസ്ഥാന നേതൃത്വം ഇത് അംഗീകരിക്കുകയും ചെയ്തതോടെ ജില്ലാ കമ്മിറ്റിയോടു നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് ഈ നിര്‍ദേശം കണക്കിലെടുത്തു നടപടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍, 'ശിക്ഷാ നടപടി'യുടെ കാലയളവ് പ്രഖ്യാപിച്ചിട്ടില്ല.
പത്മകുമാറിനെ അദ്ദേഹം വഹിച്ചുവന്ന എല്ലാ സ്ഥാനങ്ങളില്‍നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും കുറ്റപത്രം വന്നശേഷം ബാക്കി നടപടി ആലോചിക്കുമെന്നും പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് പറഞ്ഞു. ഇന്നലെ രാവിലെ ജില്ലാ കമ്മിറ്റിക്കുശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്. പുറത്താക്കുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. കടുത്ത നടപടി ആലോചിച്ചെങ്കിലും ഒടുവില്‍ സസ്പെന്‍ഷനില്‍ അവസാനിപ്പിക്കുകയായിരുന്നു.
കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശദീകരണം ചോദിക്കുമെന്നും ഗുരുതരമായ കണ്ടെത്തലുണ്ടെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും തോമസ് ഐസക് വിശദീകരിച്ചു. 'പൊതുവികാരം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സസ്പെന്ഷന്. ആത്മകഥ ആര്‍ക്കും എഴുതാം'-അദ്ദേഹം പറഞ്ഞു. പത്മകുമാറിനെതിരേ നടപടിയെടുക്കാന്‍ വൈകിയില്ലെന്നു സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു. വെളിപ്പെടുത്തലുകളെ ഭയക്കുന്നില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം, പത്മകുമാര്‍ ആത്മകഥ എഴുതട്ടെയെന്നും അത് ബെസ്റ്റ് സെല്ലറായി മാറട്ടെയെന്നും ആശംസിച്ചു.






