
ദോഹ: പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലേക്ക് കേരളത്തിന്റെ തനത് ഹാസ്യ-ശരവർഷവുമായി കല്യാണസൗഗന്ധികത്തിലെ ഭീമനും
ശ്രീകൃഷ്ണന്റെ രുഗ്മിണിയും ദോഹയിലെത്തുന്നു. ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി)അഫിലിയേറ്റ് സംഘടനയായ ഫ്രണ്ട്സ് ഓഫ് തൃശൂരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'വെനസ്ഡേ ഫിയസ്റ്റ'യിൽ കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളലിലൂടെയാണ് രുഗ്മിണി സ്വയംവരവും, കല്യാണസൗഗന്ധികവും അരങ്ങിലെത്തുന്നത്.
നാളെ (ബുധനാഴ്ച) വൈകീട്ട് ഏഴിന് ഐ.സി.സി അശോക ഹാളിലാണ് ഈ ദൃശ്യ-ശ്രാവ്യ വിരുന്ന് അരങ്ങേറുന്നത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകം ദോഹയിലെ പ്രവാസി മനസ്സുകളിലേക്ക് പകർന്നുനൽകുന്ന ഐ.സി.സി.യുടെ സാംസ്കാരിക ഉദ്യമത്തിന്റെ ഭാഗമായാണ് ഈ പരിപാടി. മാസത്തിലൊരിക്കൽ പ്രശസ്ത കലാകാരന്മാരെ അണിനിരത്തികൊണ്ട്അതാത് സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങളെ പ്രവാസ ലോകത്തിന് പരിചയപ്പെടുത്തുന്ന ഐ.സി.സി വേദിയിൽ ഇത്തവണ കേരളത്തിന്റെ സ്വന്തം തുള്ളൽക്കലയാണ് ആവേശം വിതറാനെത്തുന്നത്.
മണലൂർ ഗോപിനാഥ് തന്റെ ചടുലമായ ചുവടുകളിലൂടെയും പരിഹാസ ശരങ്ങളിലൂടെയും ദോഹയിലെ പ്രവാസി പ്രേക്ഷകർക്കായി വേദിയിൽ ചിരിയുടെയും ചിന്തയുടെയും നമ്പ്യാർ വിസ്മയത്തിന്റെ കെച്ചമണികിലുക്കംതീർക്കും. സാമൂഹിക വിമർശനവും ഹാസ്യവും ഒത്തുചേരുന്ന നമ്പ്യാർ മൊഴികൾ ഖത്തറിലെ കലാസ്വാദകർക്ക് വേറിട്ടൊരു അനുഭവമായിരിക്കും. കേരളത്തിന്റെ തനിമ തുടിക്കുന്ന ഈ സാംസ്കാരിക സന്ധ്യയിലേക്ക് കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന മുഴുവൻ പ്രവാസികളെയും ഹൃദയപൂർവ്വം സ്വാഗതംp ചെയ്യുന്നതായി ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എ.പി. അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ





