
മലയാള കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് രശ്മി സോമന്‍. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ രശ്മി മികച്ച ഒരുപിടി സിനിമകളുടെ ഭാഗമായിട്ടുണ്ട്. പിന്നീടിങ്ങോട്ട് താരം കൂടുതലായും തിളങ്ങിയത് സീരിയല്‍ രംഗത്താണ്. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവ സാന്നിധ്യമായിരുന്ന വര്‍ഷങ്ങള്‍ക്കു ശേഷം സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു.
നര്‍ത്തകി കൂടിയായ രശ്മി കഥകളിയും അഭ്യസിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്താണ് രശ്മി ആദ്യമായി കഥകളിയുടെ ചായമിടുന്നത്. പിന്നീടിങ്ങോട്ട് അഭിനയം മറ്റുമായി താരം തിരക്കിലായി. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം വർഷങ്ങൾക്കിപ്പുറം വീണ്ടും കഥകളിയുമായി രശ്മി വേദിയിലെത്തി. അതും ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുൻപില്‍. വേദിയിൽ പൂതനയുടെ സൂക്ഷ്മഭാവങ്ങൾ പകർന്നാടി ‘പൂതനാമോക്ഷം’ കഥകളിയാണ് താരം അവതരിപ്പിച്ചത്.
ഇപ്പോഴിതാ ആ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് താരം. പൂതനയുടെ വേഷച്ചമയങ്ങളണിയുന്ന രശ്മിയെയും പിന്നീട് പൂതനയായി പകര്‍ന്നാട്ടം നടത്തുന്ന താരത്തെയും ഈ വീഡിയോയില്‍ കാണാം. ‘‘ഒരുപാട് നാളത്തെ ആഗ്രഹം... ഗുരുവായൂരപ്പന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹം... പൂതനാ മോക്ഷം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് രശ്മി തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. അനുശ്രീ, അനുമോള്‍, തരുണ്‍ മൂര്‍ത്തി, ഊര്‍മ്മിള ഉണ്ണി തുടങ്ങി നിരവധി താരങ്ങള്‍ രശ്മി സോമന്റെ ഈ വേഷപ്പകര്‍ച്ചയ്ക്ക് ആശംസകളും സ്നേഹവും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.






