വാഷിങ്ടണ്‍: ഇറാന് യുദ്ധത്തില്‍ കീഴടങ്ങിയത് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപെന്നു വിമര്‍ശനം. സമാധാന കരാറിലേക്കു നീങ്ങുമ്പോള്‍ ഇറാന് കൂടുതല്‍ കരുത്താര്‍ജിച്ചതായും യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് ഇനി എപ്പോള്‍ വേണമെങ്കിലും ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാമെന്ന സാഹചര്യമാണു കരാറിലൂടെ ഉണ്ടാകുന്നതത്രേ. അതുവഴി ആഗോള സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ തകിടം മറിക്കാന്‍ പോന്ന ശേഷി ഇറാന് ഭരണകൂടം കൈവരിക്കും. ഇറാനിലെ ഭരണകൂടത്തെ പുറത്താക്കാനുള്ള ശ്രമത്തിലും ട്രംപ് പരാജയപ്പെട്ടു. യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളെക്കുറിച്ച് അറിവുള്ള മൂന്ന് ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും സി.എന്‍.എന്‍. അറിയിച്ചു.
'ഹോര്‍മുസ് കടലിടുക്കിന്റെ യഥാര്‍ത്ഥ നിയന്ത്രണം ഇപ്പോള്‍ ഇറാന്റെ കൈകളില്‍ എത്തിച്ചിരിക്കുകയാണ്. ഏതൊരു ആണവായുധത്തേക്കാളും ശക്തമായ ഒരു ആയുധമാണിത്' - യു.എസ്. രഹസ്യാന്വേഷണ വിലയിരുത്തലുകളെക്കുറിച്ച് വ്യക്തതയുള്ള ഒരു ഉറവിടം സി.എന്‍.എന്നിനോട് പറഞ്ഞു. ഭാവിയിലും ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ഇറാന് ആത്മവിശ്വാസം ലഭിക്കും. ഗള്‍ഫ് രാജ്യങ്ങളുടെഎണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കു നേരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഈ യുദ്ധത്തിലൂടെ ഇറാന് മനസിലാക്കിക്കഴിഞ്ഞു.
കടലിടുക്ക് പൂര്‍ണമായി വീണ്ടും തുറക്കുന്നതിനായി യു.എസിന് ഇറാനുമായി തീവ്രമായ ചര്‍ച്ചകള്‍ നടത്തേണ്ടി വന്നു. അതേ സമയം, ഇറാന് കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനനുസരിച്ച് യു.എസ്. തങ്ങളുടെ നാവിക ഉപരോധം പിന്‍വലിക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. ഇറാന് വാക്കുപാലിച്ചാല്‍ ഉപരോധത്തില്‍ ഇളവ് നല്‍കുമെന്നും എന്നാല്‍ നിയന്ത്രണം പൂര്‍ണമായും അമേരിക്കയുടെ കൈകളില്‍ തന്നെയായിരിക്കുമെന്നുമാണു വിശദീകരണം.
കടലിടുക്കിലെ ഊര്‍ജ വിതരണം തടസപ്പെടുത്താന്‍ ഇറാന് ശ്രമിച്ചത് ചൈനയെയും ഗള്‍ഫ് രാജ്യങ്ങളെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണു മറ്റൊരു വിലയിരുത്തല്‍. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഇറാനും അതിന്റെ വില നല്കേണ്ടിവരുന്നുണ്ട്.
കരാറിലെ വ്യവസ്ഥകളെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതായി കപ്പല്‍ കമ്പനികളുടെ വാദം. ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യത്തില്‍ ധാരണ ഉണ്ടാകാത്തതിനാല്‍ കപ്പല്‍ ഗതാഗതം പൂര്ണസ്ഥിതിയിലാകാന് ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.
കടലിടുക്കിനെ നിരന്തരം ആയുധമാക്കാന്‍ കഴിയുമെന്ന് ഇറാന് വിശ്വസിക്കുന്നതിനുള്ള പ്രധാന കാരണം, മിസൈലുകള്‍, ഡ്രോണുകള്‍, മിസൈല്‍ ലോഞ്ചറുകള്‍, ജലപാതയിലൂടെ പോകുന്ന കപ്പലുകളെ തടസപ്പെടുത്താന്‍ ശേഷിയുള്ള നൂറുകണക്കിന് ചെറിയ വേഗതയേറിയ ബോട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള വലിയൊരു ആയുധശേഖരം ഇനിയും അവരുടെ പക്കല്‍ ബാക്കിയുണ്ട് എന്നതാണ്. മൈനുകള്‍ വിതറാന്‍ ഇവര്‍ക്ക് ഈ ബോട്ടുകള്‍ ഉപയോഗിക്കാം. കൂടാതെ, യു.എസ്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇറാന് തങ്ങളുടെ സൈനിക അടിത്തറ പുനര്‍നിര്‍മിക്കുകയും പുതിയ ഡ്രോണ്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കടലിടുക്ക് തുറന്നുകഴിഞ്ഞാല്‍ സഖ്യകക്ഷികള്‍ അവിടെ കാവല്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും, അത് എങ്ങനെ പ്രായോഗികമാക്കുമെന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഈ സാധ്യതയും കണക്കിലെടുക്കുന്നുണ്ട്.
കടലിടുക്ക് വീണ്ടും തുറക്കുന്നതിനും നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുമുള്ള കരാറില്‍ ഇരുപക്ഷവും ഒപ്പുവയ്ക്കാന്‍ പോകുമ്പോഴും, യു.എസുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ പ്രയോഗിക്കാന്‍ സാമ്പത്തിക രംഗത്തെ ഒരു 'ആണവ ബദല്‍' ഇറാന് ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്.
യെമനിലെ ഇറാന്റെ കൂട്ടാളിയായ ഹൂത്തികളെ ഉപയോഗിച്ച് ചെങ്കടലിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ബാബ്എല്മന്ദേബ് കടലിടുക്ക് അടച്ചുപൂട്ടിക്കുക എന്നതാണ് ആ തന്ത്രം. ഹോര്‍മുസ് കടലിടുക്ക് ഇറാന് മാസങ്ങളോളം അടച്ചിട്ടപ്പോള്‍ ആഗോള വ്യാപാരത്തിന്റെ പ്രധാന ലൈഫ്ലൈനായി പ്രവര്‍ത്തിച്ചിരുന്നത് ഈ പാതയായിരുന്നു.
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ തയാറെടുപ്പിനെക്കുറിച്ച് കൃത്യമായി കണക്കുകൂട്ടാതെ യുദ്ധത്തിന് തുടക്കമിട്ട പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു തെറ്റുപറ്റിയെന്നു യു.എസ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥയെ ആയുധമാക്കാനുള്ള ടെഹ്റാന്റെ ശേഷിയെക്കുറിച്ച് ഇത് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
ഇറാന് കടലിടുക്ക് അടച്ചുപൂട്ടാന്‍ നീക്കം നടത്തിയതു മുതല്‍, ഭാവിയില്‍ ഏത് സാഹചര്യത്തിലാണ് അവര്‍ ഈ തന്ത്രം വീണ്ടും പ്രയോഗിക്കുക എന്ന് യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഭാവിയില്‍ ഇറാന് വീണ്ടും കടലിടുക്ക് അടയ്ക്കുന്നത് തടയാന്‍ ഈ കരാറിലൂടെ എങ്ങനെ സാധിക്കുമെന്നതിനെക്കുറിച്ച് ട്രംപ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ ആര്‍ജവത്തെ ട്രംപ് വിലകുറച്ചു കാണാനുള്ള ഒരു കാരണം, അങ്ങനെ ചെയ്യുന്നത് അമേരിക്കയേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുക ഇറാന് തന്നെയായിരിക്കും എന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതിനാലാണ്. ഇറാനുമേലുള്ള സ്വാധീനം ഉപയോഗിച്ച് ചൈന കടലിടുക്ക് അടയ്ക്കുന്നത് തടയുമെന്നും ട്രംപിന്റെ വിശ്വസ്തര്‍ വിശ്വസിച്ചിരുന്നു.
തല്‍ഫലമായി, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതില്‍നിന്ന് ഇറാനെ തടയുന്നതിന് സൈന്യത്തെ വിന്യസിക്കുന്നതിന് പകരം അവരുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനാണ് ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കിയത്. എന്നാല്‍ സംഘര്‍ഷം തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ ട്രംപ് ഭരണകൂടത്തിന് തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് മനസിലായി. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ശേഷി തെളിയിച്ചതിലൂടെ ഇറാന് വലിയൊരു തന്ത്രപരമായ നേട്ടം കൈവരിച്ചിട്ടുണ്ട് എന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.




