മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകനായ കലാകാരന് പോളണ്ടില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വധശിക്ഷാ രീതിയിലുള്ള കൊലപാതകം കരുതിക്കൂട്ടി നടപ്പാക്കിയതാണെന്ന നിഗമനത്തിലാണു പോളണ്ട് പോലീസ്. ബെലാറഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പോളിഷ് നഗരമായ ബിയാല പോഡ്ലാസ്കയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കലാകാരനും റഷ്യന്‍ പൗരനുമായ സെമിയോണ്‍ സ്ക്രപെറ്റ്സ്കി(44) എന്നറിയപ്പെടുന്ന റോബര്‍ട്ട് കെ ആണു വെടിയേറ്റു മരിച്ചതെന്ന് പോളിഷ് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ബെലാറഷ്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ഏകദേശം 600 മീറ്റര്‍ അകലെയുള്ള കാര്‍ പാര്ക്കിങ്ങില്വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. തലയിലും നെഞ്ചിലും ശരീരത്തിന്റെ പിന്‍ഭാഗത്തുമായി അഞ്ചു തവണ വെടിയേറ്റു. അജ്ഞാതനായ അക്രമി റോബര്‍ട്ടിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. നിലത്തുവീണശേഷം മൂന്നു തവണകൂടി നിറയൊഴിച്ചശേഷം അക്രമി രക്ഷപ്പെട്ടതായി പോളണ്ട് പ്രോസിക്യൂട്ടര്‍ പറഞ്ഞു. റോബര്‍ട്ട് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് പോളണ്ട് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ബെലാറഷ്യന്‍ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്ളാഡിമിര്‍ പുടിന്, ബെലാറഷ്യന്‍ നേതാവ് അലക്സാണ്ടര്‍ ലുകാഷെങ്കോ, ചെചെന്‍ നേതാവ് റംസാന് കാദിറോവ് എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുടെ കാരിക്കേച്ചറുകള്‍ വരച്ചതിലൂടെയാണ് റോബര്‍ട്ട് കെ പ്രശസ്തനായത്. 2021-ലാണ് അദ്ദേഹം ബിയാല പോഡ്ലാസ്കയിലേക്കു താമസം മാറിയത്.




