വാഷിങ്ടണ്‍: തെക്കന്‍ കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസില്‍നിന്ന് പറന്നുയര്‍ന്ന യു.എസ്. എയര്‍ഫോഴ്സിന്റെ ബി52 ബോംബര്‍ വിമാനം തകര്‍ന്നു വീണ് രണ്ട് ബോയിങ് ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേര് കൊല്ലപ്പെട്ടു.
ഇന്നലെ പ്രാദേശിക സമയം 11:20നു പതിവ് പരീക്ഷണ പറക്കലിനിടയിലാണു സംഭവം. സൈനികരും, ഉദ്യോഗസ്ഥരും സര്‍ക്കാര്‍ കരാറുകാരും അടങ്ങുന്ന സംഘമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചുവരികയാണെന്നും, 24 മണിക്കൂര്‍ കഴിഞ്ഞ് മരിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും കേണല്‍ ജയിംസ് ഹെയ്സ് അറിയിച്ചു. വിമാനാപകടം എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസിലെ റണ്‍വേയ്ക്കുള്ളില്‍ മാത്രമായി ഒതുങ്ങിനിന്നുവെന്നും വ്യോമതാവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താവളത്തിന്റെ റഡാര്‍ ആധുനികവല്‍ക്കരണ പദ്ധതിയെ സഹായിക്കുകയായിരുന്ന ബി52 വിമാനം, റണ്‍വേയില്‍നിന്ന് ഉയര്‍ന്നയുടന്‍ തകരുകയും തീപിടിക്കുകയുമായിരുന്നു. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തങ്ങളുടെ രണ്ട് ജീവനക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായി ബോയിങ് കമ്പനി സ്ഥിരീകരിച്ചു.




