
ദോഹ: കുഞ്ചൻ നമ്പ്യാരുടെ ആക്ഷേപഹാസ്യ കലാരൂപമായ ഓട്ടൻ തുള്ളൽ ദോഹയ്ക്ക് അവിസ്മരണീയമായദൃശ്യവിരുന്നായി. "ചിരിക്കുന്ന കഥകേട്ടാലിരിക്കും, ആയതല്ലെങ്കിൽ തിരിക്കും" എന്ന നമ്പ്യാർ ചൊല്ലിനെ അന്വർത്ഥമാക്കി പ്രശസ്ത തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥൻ ഐ.സി.സി അശോക ഹാളിൽ നടത്തിയ പ്രകടനം കാണികളെ ആനന്ദലഹരിയിലാഴ്ത്തി.ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐ.സി.സി) ജനപ്രിയ പ്രതിവാര കലാവിരുന്നായ 'ബുധനാഴ്ച ഫിയസ്റ്റ'യുടെ 93-ാം വേദിയിലാണ്ഫ്രണ്ട്സ് ഓഫ് തൃശ്ശൂരുമായി സഹകരിച്ച് ഓട്ടംതുള്ളൽ അരങ്ങേറിയത്.
സ്ത്രീകളും കുട്ടികളുമടക്കം നിറഞ്ഞു കവിഞ്ഞ സദസ്സിന് മുന്നിലായിരുന്നു അവതരണം.
ചിരിയും ചിന്തയും നിറഞ്ഞ തുള്ളൽപദങ്ങൾ കേരളീയ തനിമ തുടിക്കുന്ന സരസമായ ഭാഷയും മൂർച്ചയുള്ള ഹാസ്യവും ചേർന്നതായിരുന്നു മണലൂർ ഗോപിനാഥിന്റെ അവതരണ ശൈലി. കല്യാണസൗഗാന്ധികത്തിലെ ഭീമ-ഹനുമാൻ സംവാദത്തിന്റെ താളക്കൊഴുപ്പിൽ, "നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ നീയങ്ങു മാറ്" എന്ന് അദ്ദേഹം പാടിയാടിയപ്പോൾ സദസ്സിൽ കൈയടികൾ ഉയർന്നു. തുടർന്ന് 'രുഗ്മിണി സ്വയംവര'ത്തിലെ 'ലക്ഷംമാനുഷർ ഒത്തതിനിടയിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ പേർ' എന്ന വരികളിലൂടെ മനുഷ്യസഹജമായ ശീലങ്ങളെ അദ്ദേഹം പരിഹസിച്ചു.
കൈമുദ്രകളുടെ ഭംഗിയും മുഖഭാവങ്ങളുടെ വേഗതയും ഒത്തിണങ്ങിയ പ്രകടനത്തിനിടയിൽ അദ്ദേഹം വേദിയിൽ നിന്നും കാണികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. കാണികളെക്കൂടി കഥാപാത്രങ്ങളാക്കി മാറ്റിയുള്ള അദ്ദേഹത്തിന്റെ തത്സമയ സംഭാഷണങ്ങളും സരസമായ പരിഹാസങ്ങളും സദസ്സിനെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
ജീവിതം മുഴുവൻ തുള്ളൽക്കലയുടെ പ്രചാരണത്തിനായി സമർപ്പിച്ച മണലൂർ ഗോപിനാഥനെ ചടങ്ങിൽ ഐ.സി.സി ആദരിച്ചു. വിശിഷ്ടാതിഥിയായി പങ്കെടുത്തഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ അദ്ദേഹത്തിന് ഐ.സി.സി-യുടെ ഉപഹാരം കൈമാറി.
ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ,ഷീല ഫിലിപ്പോസ്, ഐ സി സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഹൈദർ ചുങ്കത്തറ, കെ.ആർ. ജയരാജ്,ഫ്രണ്ട്സ് ഓഫ് തൃശ്ശൂർ പ്രസിഡന്റ് താജുദ്ധീൻ, സെക്രട്ടറി ശ്രീജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. തനത് കേരളീയ കലയുടെ തനിമ ചോരാതെ ദോഹയിലെ പ്രവാസി മലയാളി സമൂഹത്തിന് മുന്നിലെത്തിച്ച കലാസായാഹ്നം ഏറെ പ്രശംസ പിടിച്ചുപറ്റി.
ഷഫീക്ക് അറയ്ക്കൽ





