കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും പാര്‍ട്ടിയിലെ വിമതനീക്കത്തിനും പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കു വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ ആസ്‌ഥാന മന്ദിരം ഒഴിയണമെന്ന് കെട്ടിടം ഉടമ നിര്‍ദേശം നല്‍കിയെന്നാണു റിപ്പോര്‍ട്ട്.
രണ്ടു മാസത്തിനകം കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്നാണ് ഉടമയുടെ ആവശ്യം. കെട്ടിടം ഒഴിപ്പിച്ചു കിട്ടുന്നതിനായി ഉടമ മോന്‍ടു സാഹയും മകനും പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
'തൃണമൂല്‍ ഭവന്‍' എന്നപേരില്‍ അറിയപ്പെടുന്ന ഈ കെട്ടിടം ടോപ്‌സിയയിലെ ഇ.എം. ബൈപാസ് റോഡിലാണ് സ്‌ഥിതി ചെയ്യുന്നത്. ടോപ്‌സിയയിലുണ്ടായിരുന്ന പാര്‍ട്ടിയുടെ ആസ്‌ഥാനമന്ദിരം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പുനര്‍നിര്‍മാണത്തിനായി പൊളിച്ചുമാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആസ്‌ഥാനമന്ദിരത്തിന്റെ പ്രവര്‍ത്തനം വാടകകെട്ടിടത്തിലേക്കു മാറ്റിയത്.
2022-ലാണ് സാഹയുമായി ടി.എം.സി. വാടകക്കരാര്‍ ഉണ്ടാക്കിയത്. ആദ്യം രണ്ടു വര്‍ഷത്തേക്കായിരുന്നു കരാറെങ്കിലും അതിനുശേഷം ഒരുവര്‍ഷം കൂടി നീട്ടി നല്‍കി. 2025-ല്‍ കരാര്‍ കാലാവധി അവസാനിച്ചതോടെ കെട്ടിടം ഒഴിയണമെന്ന് ടി.എം.സി. നേതാക്കളോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് മോന്‍ടു സാഹ പറഞ്ഞു. കെട്ടിടം ഒഴിപ്പിക്കുന്നതിന് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നു സാഹ വ്യക്‌തമാക്കി.
രണ്ടു മാസത്തിനകം കെട്ടിടം ഒഴിഞ്ഞുതരാമെന്നു ടി.എം.സി. നേതാക്കള്‍ തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ടോപ്‌സിയ റോഡിലുള്ള പാര്‍ട്ടിയുടെ പഴയ ആസ്‌ഥാനവും ഇപ്പോള്‍ തര്‍ക്കത്തിലാണെന്നാണു റിപ്പോര്‍ട്ട്.
തങ്ങളുടെ കുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള ഭൂമിയിലാണ് ഈ കെട്ടിടം നില്‍ക്കുന്നതെന്ന് വിമത എം.എല്‍.എ. ജാവേദ് ഖാന്‍ അവകാശപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു.

