ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ ടെലിഗ്രാം ആപ്പിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ സംഭവം രാഷ്‌ട്രീയ വിവാദത്തില്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ നീക്കത്തെ വിമര്‍ശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ രക്ഷിച്ച് പ്ലാറ്റ്‌ഫോമിനു മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ എന്താണ് യുക്‌തിയെന്നും നേതാക്കള്‍.
വരുന്ന 21 ന് നീറ്റ്-യുജി പുനഃപരീക്ഷ നടക്കാനിരിക്കെയാണ് ഇന്ത്യയില്‍ ടെലിഗ്രാമിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിലക്കാന്‍ പോകുന്ന അടുത്ത പ്ലാറ്റ്‌ഫോം വാട്ട്‌സ്‌ആപ്പാണോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. നടപടി അസംബന്ധമാണെന്ന് ആം ആദ്‌മി തലവന്‍ അരവിന്ദ് കെജ്‌രിവാളും വിശേഷിപ്പിച്ചു. മോദി സര്‍ക്കാരിന് പേപ്പര്‍ചോര്‍ച്ച തടയാന്‍ ഉദ്ദേശ്യമില്ല. അതുകൊണ്ടാണ് ഇത്തരം അസംബന്ധ നടപടികള്‍ കൈക്കൊള്ളുന്നത്. സൈനിക കപ്പലുകള്‍ വഴി പേപ്പറുകള്‍ കൊണ്ടുപോകുന്നു, ടെലിഗ്രാം അടച്ചുപൂട്ടുന്നു. ഈ നടപടികള്‍ പേപ്പര്‍ ചോര്‍ച്ച തടയുമോ?- എക്‌സിലെ പോസ്‌റ്റില്‍ കെജ്‌രിവാള്‍ ചോദിച്ചു. പേപ്പര്‍ ചോര്‍ച്ച ബിസിനസില്‍ കോടിക്കണക്കിനു രൂപയുടെ റാക്കറ്റാണ്. പണം മുകളിലേക്ക് പോകുന്നു. പേപ്പര്‍ ചോര്‍ച്ച നിര്‍ത്തിയാല്‍, എം.എല്‍.എമാരെയും എം.പിമാരെയും വാങ്ങാന്‍ പണം എവിടെനിന്ന് വരും?- കെജ്‌രിവാള്‍ ചോദ്യശരമേയ്‌തു.
ടെലിഗ്രാമില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കുറ്റവാളിയെയല്ല, ഇരയെ തടവിലാക്കുന്ന രീതിയാണെന്ന് രാഹുല്‍ ഗാന്ധി വാദിച്ചു. ചോര്‍ച്ചയ്‌ക്ക് ഉത്തരവാദികളായവരെയല്ല, പ്ലാറ്റ്‌ഫോമിലാണ് അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കള്ളനെ പിടിക്കുന്നതിനുപകരം, ഇരയുടെ വാതിലില്‍ പൂട്ട് ഇടുക എന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളായി ടെലിഗ്രാമില്‍ പഠിക്കുന്നു- കുറിപ്പുകള്‍, പരീക്ഷാ പരമ്പരകള്‍, ചര്‍ച്ചകള്‍, തയാറെടുപ്പ് എല്ലാം നടത്തുന്നുണ്ട്. ആ സൗകര്യം തട്ടിയെടുക്കുന്നത് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പരിഹാരമാകുന്നതെങ്ങനെയെന്ന് രാഹുല്‍ ചോദിച്ചു. പുനഃപരിശോധനയ്‌ക്കുള്ള ക്രമീകരണങ്ങള്‍ വെറും നാടകം മാത്രമാണെന്നും അദ്ദേഹം പ്രതിപക്ഷനേതാവ് പറഞ്ഞു. ബി.ജെ.പിയുമായി അടുത്തിടെ തെറ്റിപ്പിരിഞ്ഞ കെ. അണ്ണാമലൈയും പുനഃപരീക്ഷയ്‌ക്ക് മുന്നോടിയായി നടപ്പിലാക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകളില്‍ ആശങ്ക ഉന്നയിച്ചു. വിദ്യാര്‍ഥികള്‍ നേരിടുന്ന പരീക്ഷാ സമ്മര്‍ദം കൂട്ടാനേ ഈ നടപടികള്‍ ഉപകരിക്കൂവെന്ന് അദ്ദേഹം വാദിച്ചു.

