ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ വീണ്ടും നടക്കാനിരിക്കെ മെസേജിങ് ആപ്പായ ടെലിഗ്രാമിനു താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നിരോധനം ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അടിച്ചമര്‍ത്താനല്ലെന്നും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള സംഘടിത തട്ടിപ്പുകളും പണംതട്ടലും തടയാനുള്ള മുന്‍കരുതലാണിതെന്നും അധികൃതര്‍ വ്യക്‌തമാക്കി. കഴിഞ്ഞമാസം നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നെന്ന ആരോപണത്തെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണു ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ടെലിഗ്രാം ആപ്പിന്റെ വിലക്ക് നീറ്റ് പുനഃപരീക്ഷയുടെ കാലയളവിലേക്കു മാത്രമാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പരീക്ഷ നടക്കുന്ന 22 വരെയേ പൂര്‍ണ നിരോധനമുണ്ടാകൂ. എന്നാല്‍ ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറുകള്‍ക്ക് 30 വരെ നിയന്ത്രണമുണ്ടാകും. ചോദ്യപേപ്പര്‍ ചോര്‍ന്നതാണെന്നു വരുത്തിത്തീര്‍ക്കാന്‍ തട്ടിപ്പുകാര്‍ പഴയ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്‌ത് വ്യാജ തെളിവുകളുണ്ടാക്കുന്നതു തടയാനാണിത്. 'റീ-നീറ്റ് 2026' തുടങ്ങിയ പേരുകളില്‍ ടെലിഗ്രാം ചാനലുകള്‍ വഴി യഥാര്‍ഥ ചോദ്യപേപ്പര്‍ നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌ത് 14,000 രൂപ മുതല്‍ 25,000 രൂപ വരെയും ചിലയിടങ്ങളില്‍ ലക്ഷക്കണക്കിനു രൂപയും തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
ടെലിഗ്രാമിന് രജിസ്‌റ്റര്‍ ചെയ്‌ത ഓഫീസോ മതിയായ പരാതിപരിഹാര സംവിധാനങ്ങളോ ഇന്ത്യയിലില്ല. അന്വേഷണ ഏജന്‍സികള്‍ക്കു സമയബന്ധിതമായി വിവരങ്ങള്‍ ലഭിക്കാന്‍ ഇത് തടസമാകുന്നതിനാല്‍ നിരോധനത്തിനു സാധൂകരണമുണ്ടെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്. പരീക്ഷാസമയങ്ങളില്‍ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്ന മറ്റ് രാജ്യാന്തര മാതൃകകളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിരോധനംകൊണ്ട് ഒന്നും തടയാനായിട്ടില്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയ കുറ്റവാളികള്‍ക്കു പകരം 15 കോടിയോളം ഇന്ത്യന്‍ ഉപയോക്‌താക്കളെ ശിക്ഷിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും ടെലിഗ്രാം സ്‌ഥാപകനും സി.ഇ.ഒയുമായ പാവല്‍ ദുരോവ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ താല്‍ക്കാലിക നിരോധന ഉത്തരവിനെതിരേ ടെലിഗ്രാം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

