ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസി(ടിഎംസി)നും ശിവസേന(ഉദ്ധവ് വിഭാഗം)യ്‌ക്കും പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും പിളര്‍പ്പ് ഭീഷണിയില്‍. ഇനി യു.പിയുടെ ഊഴമാണെന്നു ഉത്തര്‍പ്രദേശ് മന്ത്രിയും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനുമായ ഓം പ്രകാശ് രാജ്‌ഭര്‍ അവകാശപ്പെട്ടു.
2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പ് പിളര്‍പ്പ് യാഥാര്‍ഥ്യമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ കടുത്ത വിമര്‍ശകനാണു രാജ്‌ഭര്‍, വ്യക്‌തിപരമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആളുകള്‍ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക്‌് അയച്ചതായി പറയപ്പെടുന്ന കത്തിനെക്കുറിച്ച് പരാമര്‍ശിച്ച രാജ്‌ഭര്‍, ഇത് ഗുരുതരമായ രാഷ്‌ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും പറഞ്ഞു.
കത്തില്‍ ബി.ജെ.പിയില്‍ ചേരാന്‍ തയാറുള്ള സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെ പേരുകളുണ്ടത്രേ. മുഴുവന്‍ പാര്‍ട്ടിയും ബി.ജെ.പിയില്‍ ചേരാന്‍ തയാറായി ഇരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. രാജ്‌ഭറിന്റെ അവകാശവാദങ്ങളെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തള്ളി.

