ന്യൂഡല്‍ഹി: എസ്സെല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര ഡല്‍ഹിയിലെ പ്രശസ്‌തമായ ലൂട്ടിയന്‍സ് മേഖലയിലുള്ള തന്റെ ആഡംബര ബംഗ്ലാവ് 1,260 കോടി രൂപയ്‌ക്ക് വിറ്റു. അടുത്ത കാലത്തുണ്ടായ ഏറ്റവും മൂല്യമേറിയ വസ്‌തു ഇടപാടുകളില്‍ ഒന്നാണിതെന്ന് റിപ്പോര്‍ട്ട് .
2015ല്‍ 304 കോടി രൂപയ്‌ക്കാണ് സുഭാഷ് ചന്ദ്ര ഈ ബംഗ്ലാവ് വാങ്ങിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വസ്‌തുവിന്റെ മൂല്യത്തില്‍ നാലിരട്ടിയിലധികം വര്‍ധനയാണ് പുതിയ ഇടപാടിലൂടെ ഉണ്ടായിരിക്കുന്നത്.
കോണ്ണാട്ട് പ്ലേസിനും ഇന്ത്യ ഗേറ്റിനും സമീപം ഭഗവാന്‍ ദാസ് റോഡില്‍ സ്‌ഥിതി ചെയ്യുന്ന, ഏകദേശം മൂന്ന് ഏക്കറോളം വരുന്ന ഈ ബംഗ്ലാവ് ഡല്‍ഹി ആസ്‌ഥാനമായുള്ള ഒരു ബിസിനസ് കുടുംബമാണ് വാങ്ങിയത്. എന്നാല്‍ വാങ്ങിയ ആളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡിസംബര്‍ ആദ്യ വാരത്തോടെ ഈ ഇടപാട് പൂര്‍ത്തിയാകുമെന്നാണു സൂചന.
ദേശീയ തലസ്‌ഥാനത്തിന്റെ ഹൃദയഭാഗത്ത് കര്‍ശനമായ നിയന്ത്രണങ്ങളുള്ള ലൂട്ടിയന്‍സ് ബംഗ്ലാവ് സോണില്‍ ഏകദേശം 3,000 ബംഗ്ലാവുകളാണുള്ളത്. അധികാരത്തിന്റെയും പദവിയുടെയും പ്രതീകമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍, ജഡ്‌ജിമാര്‍, നയതന്ത്രജ്‌ഞര്‍, വന്‍ വ്യവസായികള്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. കര്‍ശനമായ വികസന നിയമങ്ങളും ഭൂമിയുടെ പരിമിതമായ ലഭ്യതയുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത.
കോവിഡ്19 മഹാമാരിക്ക് ശേഷം ഡല്‍ഹിയിലെ ലൂട്ടിയന്‍സ് മേഖലയിലും ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലും ഇത്തരം നിരവധി വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടന്നിട്ടുണ്ട്. പ്രത്യേകിച്ച് ഗുരുഗ്രാമില്‍ ആഡംബര വസ്‌തു ഇടപാടുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഡിഎല്‍എഫിന്റെ അള്‍ട്രാ ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്‌റ്റുകളായ ദ് കാമെലിയാസ്, ദ് ഡാലിയാസ് എന്നിവയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വന്‍ വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

