ഡെറാഡൂണ്‍: നീറ്റ് പുനഃപരീക്ഷയ്‌ക്കായി തയാറെടുത്തിരുന്ന വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ മകളുമായ റിയ കുമാരി ഥാപ്പ(23)യെയാണു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്ലസ്‌ടു പരീക്ഷയില്‍ 97 ശതമാനം നേടിയ റിയ, നീറ്റ് ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടിരുന്നു. ഈ മാസം 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്‌ക്കായി തയാറെടുക്കുകയായിരുന്നു റിയ. കിടപ്പുമുറിയില്‍നിന്ന് റിയയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 'ഐ ലവ് യു മമ്മി, പപ്പാ... എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല' എന്നാണ് കുറിപ്പിലുള്ളത്. പരാജയങ്ങള്‍ക്കും കഴിവുകേടിനും കാരണം താന്‍ തന്നെയാണെന്നും റിയയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്.
നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ കഴിയാത്തതിന്റെ നിരാശയും കടുത്ത മാനസിക സമ്മര്‍ദവുമാണ് ആത്മഹത്യയ്‌ക്കു കാരണമെന്നു സംശയിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ അങ്കിത് ഖണ്ഡാരി പറഞ്ഞു. രാത്രി വൈകിയും പഠിക്കുന്നതിനാല്‍ രാവിലെ സാധാരണ വൈകിയാണു റിയ ഉണരാറുള്ളത്.
ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാന്‍ അമ്മ വിളിച്ചിട്ടും റിയ വാതില്‍ തുറന്നില്ല. ഇതോടെ വിവരം റിയയുടെ പിതാവിനെ അറിയിച്ചു. ഇരുവരും കൂടി ബലമായി മുറി തുറന്നപ്പോഴാണു തൂങ്ങിമരിച്ചനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.





