
കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന അഞ്ചു പേരില്‍ ഒരാളെകൂടി ഡിസ്‌ചാര്‍ജ് ചെയ്‌തു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒന്‍പതു പേരില്‍ അഞ്ച് പേര്‍ ആശുപത്രി വിട്ടു. നാലു പേരാണു നിരീക്ഷണത്തില്‍ തുടരുന്നത്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ ഒരു ബന്ധുവിന്റെയും പരിശോധന ഫലം നെഗറ്റീവ് ആണ്. രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്നലെ പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ നാലു പേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരും 14 പേര്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരും 86 പേര്‍ കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരുമാണ്. സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്.
നിപ പ്രഭവകേന്ദ്രത്തിനു സമീപത്തുനിന്നു മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ രക്‌തം, മൂക്കിലെ സ്രവം തുടങ്ങിയവയും വവ്വാലുകളുടെ താവളങ്ങളില്‍നിന്നു കാഷ്‌ഠവും ശേഖരിച്ചു സാമ്പിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
അതിനിടെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാരുമായി കേന്ദ്രസംഘം ഇന്നലെ ചര്‍ച്ച നടത്തി. രോഗബാധ റിപ്പോര്‍ട്ട് ചെയ്‌ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ അഞ്ചിലെ 75 വീടുകള്‍കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.






