
ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന നിമിഷം നേടിയ ഗോളിൽ പാനമയെ തകർത്ത് ആഫ്രിക്കൻ ശക്തികളായ ഘാനയ്ക്ക് നാടകീയ ജയം. ആദ്യ ലോകകപ്പ് പോയിന്റ് എന്ന പാനമയുടെ സ്വപ്നങ്ങളെയാണ് മത്സരത്തിന്റെ 95-ാം മിനിറ്റിൽ കാലെബ് യിരെങ്കി നേടിയ ഗോൾ തകർത്തത്.
വലിയ അവസരങ്ങൾ കുറവായിരുന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബ്രാൻഡൻ തോമസ്-അസാന്റെ ഇടതുവിംഗിലൂടെ കുതിച്ചുപാഞ്ഞ് നൽകിയ പാസ് യിരെങ്കി കൃത്യമായി ടാപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും വൈകി വന്ന വിജയഗോളാണിത്. നിയമനടപടികൾ നിലനിൽക്കുന്നതിനാൽ കാനഡയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട മിഡ്ഫീൽഡർ തോമസ് പാർട്ടിയില്ലാതെയാണ് ഘാന ഇറങ്ങിയത്.
മത്സരത്തിന്റെ ആദ്യ രണ്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ പനാമ മുന്നിലെത്തേണ്ടതായിരുന്നുവെങ്കിലും സിസിലിഓ വാട്ടർമാന്റെ ഷോട്ട് ഘാന ഗോൾകീപ്പർ ലോറൻസ് അതി സിഗി തട്ടിയകറ്റി. മത്സരത്തിനിടെ പരിക്കേറ്റ സിഗിയ്ക്ക് പകരം രണ്ടാം നമ്പർ കീപ്പർ ബെഞ്ചമിൻ അസാരെയെ പരിശീലകൻ കാർലോസ് ക്വിറോസ് കളത്തിലിറക്കിയിരുന്നു. ആദ്യ പകുതിയിലെ മികച്ച പ്രതിരോധത്തിന് ശേഷം പാനമയ്ക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.






