
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് ഏറെക്കാലമായി അനുഭവപ്പെടുന്ന ഒരു വൈരുധ്യമുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യസൂചികകളുള്ള സംസ്‌ഥാനങ്ങളിലൊന്നാണ് കേരളം. അതേസമയം, മഴക്കാലം എത്തുമ്പോഴോ കാലാവസ്‌ഥയില്‍ മാറ്റം സംഭവിക്കുമ്പോഴോ പകര്‍ച്ചവ്യാധികളുടെ ആവര്‍ത്തിച്ചുള്ള ആക്രമണവും സംസ്‌ഥാനത്തെ വിട്ടൊഴിയുന്നില്ല. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം, വൈറല്‍ പനി, ജലജന്യ രോഗങ്ങള്‍ തുടങ്ങി ഓരോ കാലാവസ്‌ഥയ്‌ക്കും ഓരോ രോഗപ്പട്ടികയുണ്ട്. രോഗം വ്യാപിച്ചുതുടങ്ങിയ ശേഷമാണ് പലപ്പോഴും ആരോഗ്യസംവിധാനവും ഭരണസംവിധാനവും അടിയന്തര നടപടികളിലേക്ക് കടക്കുന്നത്. ഈ സമീപനത്തില്‍നിന്ന് ശാസ്‌ത്രീയമായ മുന്‍കരുതല്‍ സംവിധാനത്തിലേക്ക് മാറാനുള്ള അവസരമാണ് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച എപിഡമിക് കലണ്ടര്‍.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ഉന്നതാധികാര സമിതി രൂപീകരിക്കുകയും അതിന്റെ നേതൃത്വത്തില്‍ സംസ്‌ഥാനത്തിനായി വാര്‍ഷിക എപിഡമിക് കലണ്ടര്‍ തയാറാക്കാന്‍ തീരുമാനിക്കുകയും ചെയ്‌തിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. രോഗം പടര്‍ന്നശേഷം പ്രതിരോധിക്കുന്നതിനേക്കാള്‍ രോഗം വരാനുള്ള സാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതാണ് ആധുനിക പൊതുജനാരോഗ്യത്തിന്റെ അടിസ്‌ഥാനതത്വം. അതിനുള്ള ചട്ടക്കൂടാകാന്‍ എപിഡമിക് കലണ്ടറിന് കഴിയും.
എപിഡമിക് കലണ്ടര്‍ എന്നത് രോഗങ്ങളുടെ പട്ടികയല്ല. വര്‍ഷത്തിലെ ഏത് സമയത്ത് ഏതൊക്കെ രോഗങ്ങള്‍ കൂടുതലായി പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്, ഏതൊക്കെ പ്രദേശങ്ങള്‍ കൂടുതല്‍ അപകടസാധ്യതയുള്ളവയാണ്, കാലാവസ്‌ഥാ വ്യതിയാനവും മഴയുടെ തോതും താപനിലയും രോഗവ്യാപനത്തെ എങ്ങനെ സ്വാധീനിക്കുന്നു, മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ എന്താണ് പറയുന്നത്, ഏതൊക്കെ വിഭാഗം ജനങ്ങളാണ് കൂടുതല്‍ അപകടസാധ്യത നേരിടുന്നത് തുടങ്ങിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലുള്ള ശാസ്‌ത്രീയ ആസൂത്രണ രേഖയാണ് അത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രവചനാധിഷ്‌ഠിത പൊതുജനാരോഗ്യ സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്. കേരളത്തിനും അതിന്റെ പ്രയോജനം ലഭിക്കേണ്ട സമയമാണിത്.
എപിഡമിക് കലണ്ടര്‍ ഫലപ്രദമാകണമെങ്കില്‍ അതിന്റെ അടിത്തറ ശക്‌തമായ ഡേറ്റയായിരിക്കണം. വര്‍ഷങ്ങളായി ശേഖരിച്ച രോഗവ്യാപന വിവരങ്ങള്‍, ജില്ലാതല കണക്കുകള്‍, കാലാവസ്‌ഥാ വിവരങ്ങള്‍, കൊതുകുകളുടെ സാന്ദ്രത, ജലഗുണനിലവാര പരിശോധനകള്‍, മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ഏകോപിപ്പിക്കേണ്ടിവരും. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ മാത്രം മതിയാകില്ല. കാലാവസ്‌ഥാ വകുപ്പും തദ്ദേശസ്‌ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ശുചിത്വമിഷനും ജലവിഭവ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഇതിന്റെ ഭാഗമാകണം. സമഗ്ര സമീപനമാണ് ഇവിടെ ആവശ്യം.
ഈ കലണ്ടറിന്റെ ഏറ്റവും വലിയ ഗുണം മുന്‍കരുതല്‍ നടപടികള്‍ക്ക് വ്യക്‌തമായ സമയക്രമം ലഭിക്കുമെന്നതാണ്. മഴ തുടങ്ങുന്നതിനു മുമ്പുതന്നെ കൊതുകുനശീകരണവും ഉറവിട നശീകരണവും ആരംഭിക്കാം. എലിപ്പനി സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താം. ജലജന്യ രോഗങ്ങള്‍ക്ക് സാധ്യതയുള്ള മേഖലകളില്‍ കുടിവെള്ള പരിശോധനയും കേ്ലാറിനേഷനും മുന്‍കൂട്ടി ഉറപ്പാക്കാം. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും പരിശോധനാ കിറ്റുകളും കിടക്കകളും സജ്‌ജമാക്കാം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനവും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും രോഗവ്യാപനത്തിന് മുമ്പേ സംഘടിപ്പിക്കാനാകും. അതോടെ ഓരോ വര്‍ഷവും അടിയന്തരാവസ്‌ഥയെന്ന പോലെ പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഗണ്യമായി കുറയും.
ഇത്തരം ഒരു കലണ്ടര്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനും വലിയ സഹായമാകും. പകര്‍ച്ചവ്യാധി പ്രതിരോധം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ല. മാലിന്യസംസ്‌കരണം മുതല്‍ ജലസ്രോതസ്സുകളുടെ സംരക്ഷണം വരെ തദ്ദേശസ്‌ഥാപനങ്ങള്‍ക്കുണ്ട്. ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ മറ്റൊരു വകുപ്പിന്റെ ചുമതലയാണ്. മൃഗങ്ങളില്‍നിന്ന് പകരുന്ന രോഗങ്ങളുടെ നിരീക്ഷണം മൃഗസംരക്ഷണ വകുപ്പിന്റെ പങ്കാളിത്തമില്ലാതെ സാധ്യമല്ല. ഈ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവായ വാര്‍ഷിക സമയക്രമം നല്‍കാന്‍ എപിഡമിക് കലണ്ടറിന് കഴിയും.
അതേസമയം, കലണ്ടര്‍ ഒരു രേഖയായി മാത്രം ഒതുങ്ങരുത്. എല്ലാ വര്‍ഷവും പ്രസിദ്ധീകരിച്ച് അലമാരയില്‍ സൂക്ഷിക്കുന്ന മറ്റൊരു സര്‍ക്കാര്‍ രേഖയാകുകയാണെങ്കില്‍ ഇതിന് പ്രസക്‌തിയുണ്ടാകില്ല. രോഗവ്യാപനത്തിന്റെ പുതിയ മാതൃകകള്‍, കാലാവസ്‌ഥാ വ്യതിയാനത്തിന്റെ സ്വാധീനം, പുതിയ രോഗാണുക്കളുടെ സാന്നിധ്യം, നഗരവല്‍ക്കരണവും കുടിയേറ്റവും സൃഷ്‌ടിക്കുന്ന മാറ്റങ്ങള്‍ എന്നിവ പരിഗണിച്ച് ഇത് തുടര്‍ച്ചയായി പുതുക്കണം. കൃത്യമായ നിരീക്ഷണ സംവിധാനവും ശാസ്‌ത്രീയ വിലയിരുത്തലും ഇതിനൊപ്പം ഉണ്ടാകണം.
സാങ്കേതികവിദ്യയുടെ സാധ്യതകളും പൂര്‍ണമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. തത്സമയ രോഗനിരീക്ഷണ സംവിധാനം, കൃത്രിമബുദ്ധിയുടെ സഹായത്തോടെ രോഗവ്യാപന സാധ്യത പ്രവചിക്കല്‍, ജില്ലാതല അപകടസാധ്യതാ ഭൂപടങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കും തദ്ദേശസ്‌ഥാപനങ്ങള്‍ക്കും നല്‍കുന്ന ഡിജിറ്റല്‍ മുന്നറിയിപ്പുകള്‍ എന്നിവയെല്ലാം എപിഡമിക് കലണ്ടറുമായി ബന്ധിപ്പിക്കണം. ആശുപത്രികള്‍, സ്വകാര്യ ചികിത്സാരംഗം, ലബോറട്ടറികള്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ അതിവേഗം ഏകോപിപ്പിക്കാനും സംവിധാനം വേണം.പൊതുജന പങ്കാളിത്തവും ഈ പദ്ധതിയുടെ വിജയത്തില്‍ നിര്‍ണായകമാണ്. ഒരു പ്രദേശത്ത് ഏതു മാസങ്ങളില്‍ എന്തൊക്കെ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജനങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാമെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവരുടെ സഹകരണം വര്‍ധിക്കും. സ്‌കൂളുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവയെല്ലാം കലണ്ടറിന്റെ അടിസ്‌ഥാനത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമാകണം. ഇതുവഴി രോഗപ്രതിരോധം സര്‍ക്കാര്‍ മാത്രം ചെയ്യുന്ന പ്രവര്‍ത്തനമല്ല;സമൂഹത്തിന്റെ സംയുക്‌ത ഉത്തരവാദിത്വമാണെന്ന സന്ദേശം ശക്‌തിപ്പെടുകയും ചെയ്യും.





