
ഏകദേശം 26 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കിഫ്‌ബി രൂപീകരിക്കുന്നത്. കേരളത്തില്‍ പ്രധാനമായും റോഡുകള്‍, കെട്ടിടങ്ങള്‍, സമാനമായ രീതിയിലുള്ള അടിസ്‌ഥാന സൗകര്യങ്ങളുടെ വികസനം എന്നീ കാര്യങ്ങളിലാണ് കിഫ്‌ബി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
1999ലാണ് രൂപീകരിച്ചതെങ്കിലും, 2016ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്താണ് കിഫ്‌ബി വലിയ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ കൊണ്ട്, ഏകദേശം 1200 പ്രോജക്‌ടുകളിലായി 1.10 ലക്ഷം കോടി രൂപ കിഫ്‌ബി വകയിരുത്തിയിട്ടുണ്ട്, ഇതിലേറെയും ചിലവാക്കിയിട്ടുമുണ്ട്.
റോഡ് നിര്‍മാണത്തിലെ പുരോഗതി
രാജ്യാന്തര നിലവാരത്തിലുള്ള ഒരു റോഡിന് താഴെപ്പറയുന്ന സ്വഭാവ വിശേഷങ്ങളും, സൗകര്യങ്ങളും വേണം. മീഡിയന്‍, ഡ്രെയിനേജ് വിത്ത് യൂട്ടിലിറ്റി ഡക്‌റ്റ്, ഫുട്‌പാത്ത്, ബാങ്കിങ്, റോഡ് മാര്‍ക്ക്, റോഡ് സൈന്‍, റോഡ് സിഗ്നല്‍, ബസ് സ്‌റ്റോപ്പ് ബേ, പേവ്‌ഡ് ഷോള്‍ഡര്‍, ഫ്ലഡ്‌ലൈറ്റിങ്‌്, ഫെന്‍സിങ്, മള്‍ട്ടിപ്പിള്‍ ലെയ്‌ന്‍സ് എന്നിവയാണ് ആവശ്യം. ഇവയെല്ലാം സാധ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, വളരെ പ്രത്യക്ഷമായ മാറ്റങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായി.
കിഫ്‌ബി പണിത റോഡുകളും, പി.ഡബ്ല്യു.ഡി. പരിപാലിക്കുന്ന റോഡുകളും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു പോലും തിരിച്ചറിയാന്‍ കഴിയും. സാങ്കേതികമായി പറഞ്ഞാല്‍ സംസ്‌ഥാനത്തെ നിര്‍മാണ രംഗത്ത് ഒരു ക്യു.എ.പി. അല്ലെങ്കില്‍ ഐ.ടി.പി. സ്‌ഥാപിച്ചു നടപ്പാക്കിയത്, കേരളത്തിലെ സിവില്‍ എന്‍ജിനീയറിങ് സംസ്‌കാരത്തെ പുനര്‍ നിര്‍വചിച്ചു. പി.ഡബ്ല്യു.ഡിയില്‍ നടപ്പാക്കാതിരുന്ന ക്വാളിറ്റി അഷ്വറന്‍സ് പ്ലാനും, ഇന്‍സ്‌പെക്‌ഷന്‍ ടെസ്‌റ്റ് പ്ലാനും സംസ്‌ഥാനത്ത് നടപ്പാക്കിയതാണ് കിഫ്‌ബിയുടെ ചരിത്രപരമായ നേട്ടം. അതുകൊണ്ടുതന്നെ കിഫ്‌ബി, റോഡില്‍ വരയ്‌ക്കുന്ന വെളുത്ത വരകള്‍, വര്‍ഷങ്ങള്‍ക്ക് ശേഷവും അവിടെത്തന്നെ ഉണ്ടാകും. കിഫ്‌ബി റോഡുകളില്‍ കുണ്ടും കുഴിയും താരതമ്യേന ഇല്ല എന്നു തന്നെ പറയാം.
കേരളത്തിലെ സിവില്‍ സംസ്‌കാരം
സംസ്‌ഥാനത്തിന്റെ പുരോഗതിക്ക് പ്രധാനമായും തടസമായി നില്‍ക്കുന്നത് സിവില്‍ എന്‍ജിനീയറിങ് രംഗത്തെ മോശമായ തൊഴില്‍ സംസ്‌കാരമാണ്. പൊതു ആവശ്യത്തിന് നിര്‍മിക്കുന്ന റോഡുകളും, കെട്ടിടങ്ങളും, മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും നിലവാരം പുലര്‍ത്തുന്നില്ല എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്.
എന്നാല്‍, അതിന്റെ അടിസ്‌ഥാനപരമായ പ്രശ്‌നം എന്താണ്, അതിന്റെ പരിഹാരം എങ്ങനെ കാണാം എന്നീ വിഷയങ്ങളില്‍ നാം ഇരുട്ടില്‍ തപ്പുകയാണ്. ഈ വര്‍ഷം മഴക്കാലം തുടങ്ങിയപ്പോള്‍ തന്നെ തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. കേരളത്തിലെ നഗരങ്ങളില്‍ എല്ലാ വര്‍ഷവും കാണുന്ന പ്രതിഭാസമാണിത്. പക്ഷേ, അതിന് സ്‌ഥിരമായ പരിഹാരം കാണാന്‍ നാം തീര്‍ത്തും പരാജയപ്പെടുന്നു. ഡ്രെയിനേജ് ചാനലുകളുടെ അശാസ്‌ത്രീയമായ നിര്‍മിതിയും, പരിപാലനവും ആണ് നഗരങ്ങളിലെ വെള്ളക്കെട്ടിന് കാരണം.
സര്‍ക്കാര്‍ സര്‍വീസിലെ സിവില്‍ എന്‍ജിനീയര്‍മാര്‍ പ്രധാനമായും പി.ഡബ്ല്യു.ഡി., വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, തദ്ദേശസ്വയംഭരണ വകുപ്പ്, കെ.എസ്.ഇ.ബി. വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്. അഞ്ഞൂറിലേറെ എന്‍ജിനീയര്‍മാരുള്ള കെ.എസ്.ഇ.ബി. സിവില്‍ വിഭാഗം, കഴിഞ്ഞ 16 വര്‍ഷങ്ങള്‍ കൊണ്ട് കൂട്ടിച്ചേര്‍ത്ത ഉല്‍പാദനശേഷി വെറും 190 മെഗാവാട്ട് മാത്രമാണ്. കേരളത്തിലെ വാട്ടര്‍ അതോറിറ്റിയുടെ പരാജയമാണ് സംസ്‌ഥാനത്ത് അങ്ങോളമിങ്ങോളം റോഡ് സൈഡില്‍ കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകള്‍. മറ്റൊരു പ്രവര്‍ത്തന വൈകല്യമാണ്, ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്ന ജലത്തില്‍ 45 ശതമാനവും ചോര്‍ന്നു നഷ്‌ടപ്പെടുന്നത്. സര്‍ക്കാര്‍ സിവില്‍ എന്‍ജിനീയര്‍മാരുടെ അഴിമതിയും, കെടുകാര്യസ്‌ഥതയുമാണ് ഇതിനെല്ലാം കാരണം.
സിവില്‍ എന്‍ജിനീയര്‍മാരുടെ തന്ത്രങ്ങള്‍
സര്‍ക്കാര്‍ സര്‍വീസിലെ സിവില്‍ എന്‍ജിനീയര്‍മാരുടെ അഴിമതി മൂന്നു വിഭാഗങ്ങളിലായി തരം തിരിക്കാം. മാസപ്പടി, ശതമാനവിഹിതം, കമ്മീഷന്‍ എന്നിവയാണവ. മാസപ്പടി എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ എന്‍ജിനീയര്‍മാര്‍ക്ക് കരാറുകാരന്‍ പ്രതിമാസം കൊടുക്കേണ്ട നിശ്‌ചിത തുകയാണ്. ശതമാനവിഹിതം അഥവാ പെര്‍സെന്റജ് കട്ട് എന്നാല്‍ എഗ്രിമെന്റ് ഒപ്പിടുമ്പോഴും, ബില്ല് മാറുമ്പോഴും കൊടുക്കേണ്ട, പ്രസ്‌തുത തുകയുടെ നിശ്‌ചിത ശതമാനം ആണ്. നമ്മുടെ സംസ്‌ഥാനത്ത് ഓരോ വകുപ്പിനനുസരിച്ച് ഈ തുക 10 മുതല്‍ 20% വരെയാണ്. അഴിമതികളിലെ ഏറ്റവും അപകടകാരിയാണ് കമ്മീഷന്‍. റോഡുകളിലെ കുഴി മുതല്‍ പാലങ്ങളുടെ തകര്‍ച്ച വരെയുള്ള എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്‌ഥാന കാരണം കമ്മീഷന്‍ ആണ്.
കമ്മീഷന്‍ നാലു വിധത്തില്‍ കണക്കാക്കപ്പെടുന്നു (1) മെഷര്‍മെന്റ് ബുക്കില്‍ കൂടുതല്‍ എഴുതിച്ചേര്‍ത്ത് കിട്ടുന്ന ലാഭം (2) എളുപ്പപ്പണി ചെയ്‌ത് കിട്ടുന്ന മിച്ചം (3) മെറ്റീരിയല്‍ മിക്‌സില്‍ കുറവ് വരുത്തുന്നത് (4) വാങ്ങിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിലോ, എണ്ണത്തിലോ, അളവിലോ കുറവ് വരുത്തി ഉണ്ടാക്കുന്നത്. മെഷര്‍മെന്റ് ബുക്കില്‍ കൂടുതല്‍ എഴുതിച്ചേര്‍ത്ത് നടത്തുന്ന അഴിമതിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് റോഡിലെ കുഴിയടയ്‌ക്കല്‍. ഏത് ആകൃതിയിലുമുള്ള എത്ര ചെറിയ കുഴി അടച്ചാലും അവിടെ ഒരു വലിയ ചതുരം കാണാം. ആ വലിയ ചതുരത്തിന്റെ അളവില്‍ തുക കണക്കാക്കി കൊടുക്കും. എളുപ്പപ്പണി ചെയ്‌തു കിട്ടുന്ന ലാഭത്തിന്റെയും, കമ്മീഷന്റെയും ഉദാഹരണമാണ് ബാക്ക് ഫില്ലിങ്ങ് അഥവാ മണ്ണിട്ട് ഉയര്‍ത്തല്‍. എത്ര വലിയ കുഴി ആയാലും ഇവിടെ ചെയ്യുന്നത്, ഒറ്റയടിക്ക് മണ്ണ് നിറയ്‌ക്കുക എന്ന രീതിയാണ്. യഥാര്‍ത്ഥത്തില്‍ അത് ചെയ്യേണ്ടത് ഘട്ടം, ഘട്ടമായിട്ടാണ്, നിറയ്‌ക്കുക, അമര്‍ത്തുക, നിറയ്‌ക്കുക, അമര്‍ത്തുക എന്ന രീതിയില്‍.
മെറ്റീരിയല്‍ മിക്‌സില്‍ കുറവ് വരുത്തുന്നത് പ്രധാനമായും കോണ്‍ക്രീറ്റിങ്ങിലും, ടാറിങ്ങിലുമാണ്. അതുപോലെ അപകടകരമായ ഒരു സിവില്‍ എന്‍ജിനീയറിങ് പരാജയമാണ് പൊതു ഇടങ്ങളിലെ കോണ്‍ക്രീറ്റിങ്ങിനു ശേഷം, വേണ്ടത്ര വെള്ളം ഒഴിക്കാതിരിക്കുന്നത്.
സംസ്‌ഥാനം പ്രസക്‌തമായ പുരോഗതി പ്രാപിക്കണമെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ അഴിമതിയും, കെടുകാര്യസ്‌ഥതയും നിയന്ത്രിച്ചേ മതിയാവൂ. അതില്‍തന്നെ പൊതുസൗകര്യങ്ങള്‍ നിര്‍മിച്ചു പരിപാലിക്കുന്ന സിവില്‍ എന്‍ജിനീയര്‍മാരുടെ തൊഴില്‍ സംസ്‌കാരം അടിമുടി മാറ്റണം. കിഫ്‌ബി ഇക്കാര്യത്തില്‍ ചരിത്രപരമായ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ സര്‍ക്കാര്‍ കിഫ്‌ബിയുടെ കാര്യത്തില്‍ അവധാനതയോടെ മാത്രമേ തീരുമാനമെടുക്കാവൂ.
ജേക്കബ് ജോസ്





