വൈപ്പിന്‍: ഭഗവാന് ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണം പൊതിഞ്ഞ 108 മുത്തുകള്‍ ഉള്ള രുദ്രാക്ഷ മാലയില്‍ നിന്നും 73 മുത്തുകള്‍ കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് മുന്‍ പൂജാരി അറസ്റ്റില്‍.അഴീക്കല്‍ മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ മുന്‍ പൂജാരി അമ്പലപ്പുഴ അത്രപ്പിള്ളി മീത്തില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരി(50)യെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മുന്‍ ക്ഷേത്രം മാനേജര്‍ രമേശന് നല്കിയ പരാതിയിലാണ് പോലീസ് നടപടി. പ്രതിക്ഷേത്രത്തില് പൂജാരിയായിരുന്ന കാലയളവില്‍ പലപ്പോഴായിട്ടാണ് മുത്തുകള്‍ കവര്ന്നതത്രേ. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പൂജാരിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഇവരില്‍ പോലീസ് കേസുകള്‍ ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ പ്രതിയായ ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് സമാനമായ ഒരു കേസ് പിറവം സ്റ്റേഷനില്‍ ഉള്ളതായി കണ്ടെത്തി.
തുടര്‍ന്ന് ഇയാളെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് ഇവിടത്തെ മോഷണത്തിന്റെ ചുരുള്‍ അഴിയുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ച് കൂടുതല്‍ തെളിവ് ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.
വില്പന നടത്തിയ തൊണ്ടിമുതല്‍ പോലീസ് വീണ്ടെടുത്തു. പ്രതിയെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പും നടത്തി.
കോടതിയില്‍ ഹാജരാക്കി.മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്ഞാറക്കല് എസ് എച്ച് ഒ കെ. സതീഷ്, പ്രിന്‍സിപ്പല്‍ എസ് ഐ എ .എസ് . അരുണ്‍, എസ് ഐ മാരായ സച്ചിന് എസ് കാര്‍മല്‍,ആന്റണി ജയ്സണ്‍ ,പോലീസുകാരായ ഉമേഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.


