പെരുമ്പാവൂര്‍: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ 12.955 ഗ്രാം ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി എക്സൈസ് പിടിയിലായി. ഉത്തര്‍പ്രദേശ് കിഷോര്‍ഗഞ്ച് സ്വദേശി അബ്ദുല്‍ കലാമിന്റെ മകന് ജിയാറുള്‍ (47) ആണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവും സംഘവും ആലുവ-മൂന്നാര്‍ റോഡില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.
എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി എറണാകുളത്തേക്കുള്ള പ്രൈവറ്റ് ബസില്‍ കയറിയെങ്കിലും അതിസാഹസികമായി കീഴടക്കുകയായിരുന്നു. പ്രതി കുറച്ചുനാളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച ഹെറോയിന്‍ പെരുമ്പാവൂരിലെ അതിഥി തൊഴിലാളികള്‍ക്ക് ചെറിയ ഡപ്പകളിലാക്കി 1000, 1500 രൂപ നിരക്കില്‍ വില്‍പ്പന നടത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.
ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണവും പരിശോധനയും കൂടുതല്‍ ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.എന്‍. രാജേഷ്, ടി.പി. പോള്‍ജി, പ്രിവന്റീവ് ഓഫീസര്‍മാരായ സുധീര്‍ മുഹമ്മദ്, നവാസ് സി.എം., എം.ആര്. രാജേഷ്, ശ്രീരാജ് റ്റി.എന്‍., ബെന്നി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.




