മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ സ്ത്രീയുടെ സ്വര്‍ണ മാല കവരാന്‍ ശ്രമിച്ച തമിഴ്നാട് മധുര സ്വദേശിനി സെല്‍വി (46) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11 ഓടെ ആശുപത്രിയിലെ ഒ.പി. വിഭാഗത്തില്‍ ഡോക്ടറെ കാണുന്നതിനായി ക്യൂ നില്‍ക്കുകയായിരുന്ന മുളവൂര്‍ ചിറപ്പടി മൂലയില്‍ ബഷീറിന്റെ ഭാര്യ ലൈല (69) യുടെ മൂന്നര പവന് തൂക്കം വരുന്ന സ്വര്‍ണ മാലയാണ് സെല്‍വി കവരാന്‍ ശ്രമിച്ചത്. ലൈല ക്യൂ നില്‍ക്കുന്നതിനിടെ പിന്നില്‍ വന്നു നിന്ന അപരിചിതയായ സ്ത്രീ കഴുത്തില്‍ കിടന്ന മാല ബലമായി കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ അവിടെയുണ്ടായിരുന്ന രോഗികളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. ലൈലയുടെ പരാതിയില്‍ മൂവാറ്റുപുഴ പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്തിനകത്തും പുറത്തും സമാന രീതിയില്‍ പ്രതിക്ക് നിരവധി കേസുകള്‍ ഉളളതാണ്. മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ. മാരായ സി.ആര്. രഞ്ജുമോള്‍, കെ.എസ്. ജയന്, ജി. അനൂപ്, പി.സി. ജയകുമാര്‍, സീനിയല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു രാജപ്പന്, കെ.വി. ഗിരീഷ് കുമാര്‍, പ്രതിഷ, എം.എ. മജീഷ എന്നിവരുമുണ്ടായിരുന്നു. പ്രതി സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.




