കോലഞ്ചേരി: ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ കടമറ്റം പ്രദേശത്ത് കഴിഞ്ഞ എട്ട് വര്‍ഷത്തിലേറെയായി കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്നത്. വേനല്‍ക്കാലങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുകയും കുടിവെള്ളത്തിനായി പ്രദേശവാസികള്‍ മറ്റു മാര്‍ഗങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം നിലനില്ക്കുകയും ചെയ്യുന്നു.
വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുടിവെള്ള പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിനും പ്രദേശത്ത് വീണ്ടും കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുമായി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി എന്‍.എച്ച്.എ.ഐ അധികൃതരുമായി നിരന്തരം ചര്‍ച്ച നടത്തുകയും ആവശ്യമായ അനുമതികള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജലജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടും പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള തുടര്‍നടപടികള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ വിഷയത്തില്‍ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു. നിലവില്‍ വേനല്‍ക്കാലങ്ങളില്‍ പഞ്ചായത്ത് അധികൃതരും വിവിധ സന്നദ്ധസംഘടനകളും ചേര്‍ന്നാണ് ടാങ്കര്‍ ലോറികളിലൂടെ പ്രദേശത്ത് കുടിവെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് താല്‍ക്കാലിക പരിഹാരം മാത്രമാണെന്നും സ്ഥിരമായ കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ ഇടപെടണമെന്ന് നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടു.


