
മൂവാറ്റുപുഴ: നഗരസഭ ഇരുപതാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുഴയോര നടപ്പാതയുടെ കൈവരികള്‍ തകര്‍ന്നിട്ട് ഒരു മാസം.
കഴിഞ്ഞ മെയ് 15 ന് പെയ്ത ശക്തമായ മഴയിലും കാറ്റിലും ലത പാലത്തിന് സമീപമുള്ള മരത്തിന്റെ വലിയ ശിഖരങ്ങള്‍ ഒടിഞ്ഞുവീണാണ് പുഴയോര നടപ്പാതയുടെ കൈവരികള്‍ തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് പാതയിലെ മരച്ചില്ലകള്‍ അടിയന്തരമായി മുറിച്ചു മാറ്റിയെങ്കിലും തകര്‍ന്ന ഇരുമ്പ് കൈവരികള്‍ ഇതുവരെയും നന്നാക്കിയിട്ടില്ല.
പ്രഭാത സവാരിക്ക് എത്തുന്നവര്‍ക്കും മറ്റ് കാല്‍നട യാത്രക്കാര്‍ക്കും ഏറെ ഭീഷണിയായ നിലയിലാണ് നിലവില്‍ നടപാതയുള്ളത്. കൈവരികള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ പുഴയിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. അപകടാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും യാതൊരുവിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൈവരികളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി തയാറാക്കിയ 1,10,000 രൂപയുടെ എസ്റ്റിമേറ്റിന് മെയ് 25ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ കൗണ്‍സില്‍ അനുമതി ലഭിച്ചിട്ടും നിര്‍മാണ പ്രവൃത്തികള്‍ എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ദിവസേന നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന നടപ്പാതയിലെ അപകടാവസ്ഥ എത്രയും വേഗം പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




