കൊച്ചി: ഓപ്പറേഷന് തൂഫാന്: ദ നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയില്‍ നടത്തിയ പരിശോധനയില്‍ നാലു ഇതര സംസ്ഥാന സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചു പേര് കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായി.
പശ്ചിമബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി മനിറുല്‍ (25), പശ്ചിമബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി നന്ദു മണ്ഡല് (31) എന്നിവരെയാണ് ഏലൂര്‍ ഐ.എ.സി സ്റ്റാഫ് ക്വര്‍ട്ടേഴ്സ് കോട്ടക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 5.020 കിലോഗ്രാം കഞ്ചാവുമായി കൊച്ചി സിറ്റി ഡാന്‍സാഫ് ടീം പിടികൂടിയത്.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് ചിറ്റേത്തുകര ഭാഗത്തു നടത്തിയ പരിശോധനയില്‍ 1.027 കിലോഗ്രാം കഞ്ചാവുമായി മരട്, ഇഞ്ചിക്കാംപാലം, പൊന്നാടപാടം വീട്ടില്‍ അക്ഷയ്(19) പിടിയിലായി.
ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ മനോജ്.എം, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ദിനേശന് പി.വി, അമേഷ് എം.ആര്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കണ്ണന് വി.സി, സി.പി.ഓമാരായ സുജിത് രാജേന്ദ്രന്, സുമേഷ് പി.വി, സുമേഷ് സി.എസ്, ഷിജുമോന് പി.ആര് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പനങ്ങാട് പോലീസ് നടത്തിയ പരിശോധനയില്‍ കുമ്പളം മെട്രോ ജെട്ടിക്ക് സമീപത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന അസം സ്വദേശികളായ മുഫ്തദുള് ഇസ്ലാം (22), മെയ്നുള്‍ ഹഖ് (31) എന്നിവരെ നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടികൂടി. പ്രതികളില്‍ നിന്നും 549 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് (ഹാന്‍സ്-475, കൂള്‍ലിപ്-74) പനങ്ങാട് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് മുബാറക്.കെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടിച്ചെടുത്തത്.
സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികള്‍ ലഹരി കച്ചവടം നടത്തിയിരുന്നതെന്ന് പനങ്ങാട് പോലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍രാജ്, ശ്രീജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.


