കിഴക്കമ്പലം: ഭാര്യ ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചത് ചോദ്യം ചെയ്തതിനെച്ചൊല്ലിയുണ്ടായ കുടുംബതര്‍ക്കം അര്‍ദ്ധരാത്രിയിലെ ആക്രമണത്തില്‍ കലാശിച്ചു. സംഭവത്തില്‍ ഭാര്യാപിതാവിനും ഭാര്യാസഹോദരനുമെതിരെ തടിയിട്ടപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വാഴക്കുളം തോട്ടുകര വീട്ടില്‍ നിധിന് ദാസ് (38) നല്കിയ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ ഭാര്യാപിതാവും ഭാര്യാസഹോദരനും വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചുവെന്നാണ് പരാതി. നിധിന്റെ ഭാര്യ മറ്റൊരാളുമായി ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നത് നിധിന് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയും ഈ വിരോധം മനസ്സില്‍ വെച്ച് ഭാര്യാപിതാവും സഹോദരനും രാത്രിയില്‍ നിധിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയുമായിരുന്നു. ഈ സമയത്ത് കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നിധിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചു.
കൈവശമുണ്ടായിരുന്ന വസ്തു ഉപയോഗിച്ച് നിധിന്റെ മുഖത്തും കണ്ണിലും അടിക്കുകയും കഴുത്തില്‍ പിടിച്ച് ഞെരിക്കുകയും ചെയ്തു. ബഹളം കേട്ട് തടയാനെത്തിയ വീട്ടിലെ മുതിര്‍ന്ന അംഗത്തെ പ്രതികള്‍ തള്ളി വീഴ്ത്തി പരുക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ പോലീസ് കണ്ട്രോള് റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തടിയിട്ടപറമ്പ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ നിധിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് സംഘം ആശുപത്രിയിലെത്തിയാണ് നിധിന്റെ മൊഴി രേഖപ്പെടുത്തിയത്.
വീട്ടില്‍ അതിക്രമിച്ചു കയറല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.




