
കൊച്ചി: വര്‍ഗീയതയും കാവിവല്‍ക്കരണവും കലര്‍ന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (എകെഎസ്ടിയു) ആവശ്യപ്പെട്ടു.
കേരളത്തിന്റെ മതനിരപേക്ഷതയും ഐക്യവും തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണെന്ന് ജില്ലാ പഠന ക്യാമ്പ് വിലയിരുത്തി. പുതുക്കിയ ബജറ്റ് നിരാശജനകവും സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും അവഗണിക്കുന്നതും ആണെന്ന് ക്യാമ്പ് ചൂണ്ടിക്കാട്ടി. 2026-27 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പൊതുവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്തുന്നതും സേവന മേഖലകളുടെ സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും എകെഎസ്ടിയു ജില്ലാ സെക്രട്ടറി ഉണ്ണി ഗൗതമന് അഭിപ്രായപ്പെട്ടു. എകെഎസ്ടിയു മുന്‍ ജില്ലാ പ്രസിഡന്റ് സിബി അഗസ്റ്റിന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് കെ എല്‍ ക്ലാസിക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിനോദ് എം,എറണാകുളം ഹയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ ശങ്കരനാരായണന്, ഡോക്ടര്‍ നിഷാദ് അബ്ദുല്‍ കരീം,രൂപേഷ് എം പി,ബിജോയ് കെ എസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുത്തു.



