പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ പനി ബാധിച്ച് ചികിത്സ തേടുന്നു. പനിയെ തുടര്‍ന്ന് മരണം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടും പഞ്ചായത്ത് അധികൃതരോ ആരോഗ്യവിഭാഗമോ വേണ്ടത്ര പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
പനി വ്യാപനം മൂലം ജോലിക്കും ദൈനംദിന ആവശ്യങ്ങള്‍ക്കും പോകാന്‍ കഴിയാതെ ജനങ്ങള്‍ ദുരിതത്തിലാണ്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങള്‍ ശുചീകരിക്കുക, ഫോഗിങ് ഉള്‍പ്പെടെയുള്ള കൊതുകുനിവാരണ നടപടികള്‍ സ്വീകരിക്കുക, ഡ്രൈ ഡേ പോലുള്ള സാമൂഹിക പരിപാടികള്‍ നടത്തുക തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പലയിടത്തും നടപ്പാകുന്നില്ല.
ചേരാനല്ലൂര്‍ മൈനര്‍ ഇറിഗേഷന്റെ തോട്ടുവ ബ്രാഞ്ച് കനാലില്‍ ഒരു കിലോമീറ്ററോളം വെള്ളം കെട്ടിക്കിടന്ന് കൊതുകും കൂത്താടിയും പെരുകിയിരിക്കുകയാണ്. സമീപത്ത് കല്യാണ മണ്ഡപവും 50 മീറ്റര്‍ മാറി ഹരിജന്‍ കോളനിയുമുണ്ട്. സ്കൂള്‍ കുട്ടികളും മുതിര്‍ന്നവരും ഈ വഴിയാണ് യാത്ര ചെയ്യുന്നത്. ചേരാനല്ലൂര്‍ തൊട്ടുച്ചിറയും ഒഴുക്കില്ലാതെ മലിനമായി. കൂവപ്പടി-ഒക്കല്‍ പഞ്ചായത്തുകളുടെ സംയുക്ത ആസ്തിയായ അണക്കോലി ചിറയും മലിനമാണ്. എത്രയും വേഗം ജലാശയങ്ങളും തോടുകളും വൃത്തിയാക്കി കൊതുകുനിവാരണ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ സെക്രട്ടറി അരുണ്‍ കോടനാട്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദേവച്ചന്‍ പടയാട്ടില്‍, ബിജെപി കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പിള്ള എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.




