
പെരുമ്പാവൂര്‍: കെ.എസ്.ഇ.ബിയും ബ്രിയോണ്‍ എനര്‍ജിയും സംയുക്തമായി വികസിപ്പിച്ച ഗ്രിഡ് സപ്പോര്‍ട്ടിംഗ് ഡിസ്ട്രിബ്യൂട്ടഡ് എനര്‍ജി സേ്റ്റാറേജ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ വായിക്കരയില് പ്രവര്‍ത്തനം ആരംഭിച്ചു. കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് സംവിധാനം സജ്ജമാക്കിയത്. പകല്‍ സമയങ്ങളില്‍ അധികമായി ലഭിക്കുന്ന സോളാര്‍ എനര്‍ജി സംഭരിച്ച് രാത്രിയിലെ പീക്ക് ടൈമില്‍ ഉപയോഗിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
ഓഫ് പീക്ക് സമയത്തെ വിലകുറഞ്ഞ വൈദ്യുതി സംഭരിച്ച് പീക്ക് സമയത്ത് ഉപയോഗിക്കുന്നതിലൂടെ അധികവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാകും. ഇതുവഴി പ്രതിദിനം ഏകദേശം 2000 രൂപ വരെ കെ.എസ്.ഇ.ബിക്ക് ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. പ്രസരണ നഷ്ടം കുറയ്ക്കാനും പീക്ക് സമയത്ത് ട്രാന്‍സ്ഫോര്‍മറിലെ അമിത ലോഡ് ഒഴിവാക്കാനും പുതിയ സിസ്റ്റം സഹായിക്കും. ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ദൂരെയുള്ള ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള വൈദ്യുതി ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയും. 10,000 തവണ വരെ ചാര്‍ജ് ചെയ്യാനും പുനരുപയോഗിക്കാനും കഴിയുന്ന ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററിയാണ് സംവിധാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 20 വര്‍ഷം പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ കേരളത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ കെ.എസ്.ഇ. ബി ആലോചിക്കുന്നുണ്ട്.



