പെരുമ്പാവൂര്‍: മുക്കുപണ്ടം സ്വര്‍ണമെന്ന് സര്‍ട്ടിഫൈ ചെയ്ത് ബാങ്കില്‍ നിന്ന് 6.36 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അപ്രൈസര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി വീട്ടില്‍ ജഗദീഷ് (48), മലയക്കീഴ് ഒളിക്കമാലി വീട്ടില്‍ രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് വീട്ടില്‍ രാജേഷ് വിജയന് (46) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 20ന് പെരുമ്പാവൂര്‍ എ.എം. റോഡിലുള്ള ഫെഡറല്‍ ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടന്നത്. രാജേഷ് തോമസും രാജേഷ് വിജയനും ചേര്‍ന്ന് 73.2 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടവുമായി ബാങ്കിലെത്തി. ഇതേ ബാങ്കിലെ അപ്രൈസറായ ജഗദീഷ് മുക്കുപണ്ടം പരിശോധിച്ച് സ്വര്‍ണമാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ജീവനക്കാര്‍ 6,36,000 രൂപ വായ്പയായി നല്‍കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജോജോ ജോര്‍ജ്, സുഭാഷ് തങ്കപ്പന്, എ.എസ്.ഐ പ്രദീപ്കുമാര്‍, സി.പി.ഒമാരായ ഹാരിസ്, അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


