
കോതമംഗലം: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനങ്ങളെ ഒരു മാസത്തില്‍ ഏറെയായി ഭീതിയിലാഴ്ത്തിയിരുന്ന എം.എഫ്.4 എന്ന കാട്ടാനയെ നിയന്ത്രണത്തില്‍ ആക്കുന്നതിനുള്ള നിര്‍ണായക നടപടി ഇന്നലെ നടപ്പാക്കി. കാട്ടാനയെ മയക്കുവെടി വച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചു.
ഷിബു തെക്കുംപുറം എം.എല്‍.എ. യുടെ ആവശ്യപ്രകാരം കാട്ടാനയെ മയക്കുവെടി വെച്ച് മാറ്റാന്‍ വനം മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ രാവിലെ കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം വനാതിര്‍ത്തി മേഖലയിലാണ് കാട്ടാനയെ ആദ്യം കണ്ടെത്തിയത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ബിനോയി,റേഞ്ച് ഓഫീസര്‍ ലുധീഷ്, ആര്.ആര്.ടി. ഡെപ്യൂട്ടി ആര്.ഒ. എബിന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആനയെ വരുതിയി ലാക്കുന്നതിനുള്ള നടപടി ആരംഭിച്ചത്.തുടര്‍ന്ന് കാട്ടിനുള്ളില്‍ വച്ച് രാവിലെ 8.15 ന് മയക്കുവെടി വച്ചു. മയക്കുവെടി വച്ച ആനക്ക് പ്രാഥമിക ചികിത്സ നല്കി.
വായ്ക്ക് സമീപം ഇടത് താടയ്ക്ക് താഴെ ആഴത്തിലേറ്റ മുറിവ് കാരണം കാട്ടില്‍ നിന്നും തീറ്റയെടുക്കാന്‍ സാധിക്കാതിരുന്നതാണ് തുടര്‍ച്ചയായി നാട്ടിലിറങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. മുറിവേറ്റ ഭാഗത്ത് മരുന്ന് വയ്ക്കുകയും കുത്തിവയ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് റേഡിയോ കോളര്‍ പിടിപ്പിച്ചു. രണ്ട് ദിവസം നിരീക്ഷിച്ചതിന് ശേഷം കുങ്കിയാനകളുടെ സഹായത്തോടെ ഇവിടെ നിന്ന് കൊണ്ടു പോകും. തുടര്‍ന്ന് വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദൗത്യത്തിനൊടുവില്‍ കാട്ടാനയെ നിയന്ത്രണത്തിലാക്കി റേഡിയോ കോളര്‍ ഘടിപ്പിക്കുകയായിരുന്നു. നിലവില്‍ കാട്ടാനയ്ക്ക് മയക്കം പൂര്‍ണമായും വിട്ടിട്ടില്ല. റേഡിയോ കോളറിന്റെ സഹായത്തോടെ അടുത്ത രണ്ട് ദിവസം വനംവകുപ്പ് കാട്ടാനയുടെ സഞ്ചാരവും ആരോഗ്യസ്ഥിതിയും സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിന് ശേഷമായിരിക്കും നിലവിലെ പ്രദേശത്ത് നിന്ന് മാറ്റണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു ക. കുങ്കിയാനകളെ ഉള്‍പ്പെടെ അപ്പോഴായിരിക്കും എത്തിക്കുക.
പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പന്‍ചിറ മേഖലകളിലും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം പ്രദേശങ്ങളിലുമായി കാട്ടാനയുടെ സാന്നിധ്യം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. കൃഷിനാശവും ജനങ്ങളുടെ സുരക്ഷാ ആശങ്കയും വര്‍ധിച്ചതോടെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് എം.എല്‍.എ വനംമന്ത്രിയുടെ ശ്രദ്ധയിലും പ്രശ്നം കൊണ്ടുവരികയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാ ണ് കാട്ടാനയെ നിരീക്ഷണ വിധേയമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. ഇതിനിടെ, സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രാവിലെ എം.പി. ഡീന്‍ കുര്യാക്കോസും പ്രദേശം സന്ദര്‍ശിച്ചു. കാട്ടാനയുടെ സഞ്ചാരപാതകളും വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫെന്‍സിങ് സംവിധാനങ്ങളും അദ്ദേഹം പരിശോധിക്കുകയും ജനങ്ങളുടെ ആശങ്കകള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ജോര്‍ജ്, ഉമേഷ് ശിവകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് ജോസഫ്, മറ്റ് ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




