കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പന്‍ചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരു മാസത്തില്‍ ഏറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാന്‍ വനംവകുപ്പ് അനുമതി നല്കി.
ഷിബു തെക്കുംപുറം എം.എല്‍.എ. ആവശ്യപ്പെട്ടത്തിന്റെ ഫലമായി ഇന്നലെ നിയമസഭയില്‍ വനംമന്ത്രി ഷിബു ബേബി ജോണിന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കിയത്. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമായി തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്ന കാട്ടാന പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങളില്‍ ഇറങ്ങി കൃഷിനാശം വരുത്തിയ ആന നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചു. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളും ജോലിക്കായി പുറത്തിറങ്ങുന്നവരും വലിയ ആശങ്കയോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍ ചെലവഴിച്ചത്.
രണ്ടാഴ്ച മുമ്പ് മാലിപ്പാറയില്‍ സ്കൂള്‍ ബസിന് മുന്നിലെത്തിയ കാട്ടാനയെ വനംവകുപ്പ് വനത്തിലേക്ക് തിരിച്ചുകയറ്റിയെങ്കിലും പിന്നീട് വീണ്ടും ജനവാസ മേഖലകളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സമീപത്തെ അംഗന്‍വാടി യുടെ മുന്‍വശം വരെ ആന എത്തിയതോടെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആശങ്ക വര്‍ധിച്ചു. ഇന്നലെ രാവിലെ കുളങ്ങാട്ടുകുഴിയില്‍ കര്‍ഷകനായ സിബിയുടെ വീടിന് സമീപം ആനയെ വീണ്ടും കണ്ടതോടെ പ്രതിഷേധം ശക്തമായി.
എ.സി.എഫ്. ജ്യോതിഷിന്റെ നേതൃത്വത്തില്‍ വനപാലകരും ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കുകയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ആനയെ മയക്കുവെടി വച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് കുങ്കി ആനയുടെ സഹായത്തോടെ പിടികൂടി മാറ്റുവാനാണ് വനംവകുപ്പിന്റെ തീരുമാനം. വനംമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കിയതോടെ ദീര്‍ഘനാളായി ഭീതിയിലായിരുന്ന പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
അതേസമയം വനാതിര്‍ത്തി പ്രദേശങ്ങളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള സമഗ്ര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.




