കൊച്ചി: കേരളത്തില്‍ ശുദ്ധമായ ശര്‍ക്കരയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാനവ്യാപകമായി കരിമ്പുകൃഷിയും ചെറുകിട ശര്‍ക്കര ഉല്പാദന യൂണിറ്റുകളും പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നയരേഖ സി.എം.എഫ്.ആര്.ഐയുടെയുടെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ) മുഖ്യമന്ത്രി വി.ഡി. സതീശന് സമര്‍പ്പിച്ചു.
കെ.വി.കെ. വിജയകരമായി നടപ്പാക്കിയ ആലങ്ങാട് ശര്‍ക്കര പുനരുജ്ജീവന മാതൃക മുന്‍നിര്‍ത്തിയാണ് നയരേഖ തയ്യാറാക്കിയത്. ശാസ്ത്രീയമായി ആസൂത്രണം ചെയ്യുകയാണെങ്കില്‍ കരിമ്പുകൃഷിയും അതുമായി ബന്ധിപ്പിച്ച ചെറുകിട സംസ്കരണ യൂണിറ്റുകളും വഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങളും സംരംഭങ്ങളും സൃഷ്ടിക്കാനും സാധിക്കുമെന്ന് നയരേഖ ചൂണ്ടിക്കാട്ടുന്നു.കെ.വി.കെ. 2022 മുതല്‍ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഫലമായി, ആലങ്ങാട്ടെ കൃഷിയിടങ്ങളില്‍ ഏക്കറിന് ശരാശരി 16 ടണ്‍ കരിമ്പ് ഉല്പാദിപ്പിക്കാന് കഴിഞ്ഞു. പ്രതിദിനം ഒരു ടണ്‍ കരിമ്പ് സംസ്കരിക്കാന്‍ ശേഷിയുള്ള യൂണിറ്റില്‍ നിന്ന് 10 ശതമാനം ശര്‍ക്കര (ആകെ കരിമ്പിന്റെ തൂക്കത്തിന്റെ) ലഭിക്കുന്നുണ്ട്. ഏകദേശം 20 ലക്ഷം രൂപ നിക്ഷേപത്തില്‍ ഇത്തരം യൂണിറ്റുകള്‍ സ്ഥാപിക്കാനാകും.
ചെറുകൃഷിയിടങ്ങളിലായാലും ആകെ 20 ഏക്കറിലായി ഘട്ടംഘട്ടമായി കരിമ്പ് കൃഷി ചെയ്താല്‍ ഇത്തരം യൂണിറ്റുകള്‍ക്ക് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാനാകും. സംസ്ഥാനത്ത് കരിമ്പുകൃഷി വ്യാപിപ്പിക്കുന്നതിനായി പ്രത്യേക മിഷന് രൂപീകരിക്കണമെന്ന് നയരേഖ ശുപാര്‍ശ ചെയ്യുന്നു.
കരിമ്പുകൃഷി, ശര്‍ക്കര ഉല്പാദനം, മൂല്യവര്‍ധിത ഉല്പന്നങ്ങള് എന്നിവയെ സംയോജിപ്പിച്ച് വിപുലമായ കാര്‍ഷിക ടൂറിസം (അഗ്രി-ടൂറിസം) സാധ്യതകള്‍ കൂടി തുറന്നിടാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും നയരേഖ വിലയിരുത്തുന്നു. കെ.വി.കെ. മേധാവി ഡോ ഷിനോജ് സുബ്രഹ്മണ്യന് നയരേഖ മുഖ്യമന്ത്രിക്ക് കൈമാറി.




