
കൊച്ചി: കേരളത്തെ മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ നിന്നും പൂര്‍ണ്ണമായി മോചിപ്പിക്കാനും ഭാവി തലമുറയെ ലഹരിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്താനുമുള്ള ദൗത്യത്തില്‍ രാഷ്ര്ടീയ-സാമൂഹിക ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഓപ്പറേഷന് തൂഫാന് ദി നര്‍ക്കോ ഹണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കൊച്ചി സെന്റ് തെരേസാസ് കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഒരു കൊളംബിയ ആകാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ചെറുപ്പക്കാരുടെ ജീവിതം പുകച്ചു കളയേണ്ടതല്ലെന്നും ജീവിതമാണ് ലഹരി എന്ന് കണ്ട് വളരാന്‍ യുവത്വത്തിന് കഴിയണമെന്നും ഓര്‍മ്മിപ്പിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സീറോ കോംപ്രമൈസ് അപ്രോച്ച് ആയിരിക്കും സര്‍ക്കാരിന്റേത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ നിന്ന് 18 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത് ഇതിന്റെ തെളിവാണ്.
ലഹരി വിറ്റ് കാശുണ്ടാക്കുന്നവര്‍ക്ക് കേരളത്തില്‍ സ്ഥാനമില്ല. ലഹരി മാഫിയയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി മരണത്തിന്റെ വ്യാപാരികളായ മയക്കുമരുന്ന് കച്ചവടക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്ന തൂഫാന് സ്ട്രൈക്ക്, വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അണിനിരത്തിയുള്ള തൂഫാന് വാരിയേഴ്സ്, ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന തൂഫാന് കെയര്‍ എന്നീ മൂന്ന് ഘടകങ്ങളാണ് നടപ്പിലാക്കുന്നത്.
ഇതില്‍ തൂഫാന് വാരിയേഴ്സ് പദ്ധതിയുടെ ആദ്യ അംബാസഡറായി നടന് മോഹന്‍ലാല്‍ സ്വയം ചുമതലയേറ്റിട്ടുണ്ട്. നഗരങ്ങളില്‍ സജീവമായ ഫുഡ്/ഹോം ഡെലിവറി ആപ്പുകളിലെ ചില ജീവനക്കാര്‍ ഭക്ഷണത്തോടൊപ്പം മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി ഇന്റലിജന്‍സ് വിവരമുണ്ട്.
ഇത്തരം സമൂഹവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഉടന്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം അവരുടെ കൈകളില്‍ വിലങ്ങ് വീഴുമെന്നും മന്ത്രി ശക്തമായ താക്കീത് നല്കി.കൊച്ചി നഗരത്തിന്റെ രാത്രികാല ജീവിതത്തിന് തടസമില്ലാതെയും മാഫിയകളുടെ ഭയമില്ലാതെയും ജനങ്ങള്‍ക്ക് 24ന്7 സമയവും സുരക്ഷിതമായി പുറത്തിറങ്ങാന്‍ കഴിയുന്ന ആക്റ്റീവ് ആന്‍ഡ് റെസ്പോണ്സിബിള് നൈറ്റ് ലൈഫ് ഒരുക്കും. ഇതിനായി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുവരുന്ന ലഹരി മാഫിയകളെ തടയുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം ആഭ്യന്തര മന്ത്രി ലഹരിക്കെതിരെ തൂഫാന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് തൂഫാന് വാരിയേഴ്സ് ബാഡ്ജിന്റെ വിതരണവും നടത്തി. ചടങ്ങില്‍ ഹൈബി ഈഡന് എം.പി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍, റീല്‍സ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു.
ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂര്‍, അധ്യക്ഷനായി. ടി.ജെ. വിനോദ് എം.എല്‍.എ, കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വാര്‍ഡ് കൗണ്‍സിലര്‍ അഗസ്റ്റിന് സെബാസ്റ്റ്യന്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, കൊച്ചി സിറ്റി പോലീസ് മേധാവി എസ്. കാളി രാജ് മഹേഷ് കുമാര്‍, കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജി, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി, സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ അനു ജോസഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.




