കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്.എ) സംബന്ധിച്ച് പുറത്തിറക്കിയ ചട്ടഭേദഗതികള്‍, രാജ്യത്തെ സന്നദ്ധ സംഘടനകള്‍, മത-സാമൂഹിക സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍, മനുഷ്യാവകാശ സംഘടനകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഹൈബി ഈഡന് ഈഡന് എം.പി.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്കി. പുതിയ എഫ്സിആര്‍എ ചട്ടഭേദഗതികള്‍ നടപ്പാക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധ സംഘടനകള്‍, ഭരണഘടനാ വിദഗ്ധര്‍, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവരുമായി വിശദമായ കൂടിയാലോചന നടത്തുകയും, ഉയര്‍ന്നുവന്ന എല്ലാ ആശങ്കകള്‍ക്കും പരിഹാരം കാണുകയും വേണമെന്ന് ഹൈബി ഈഡന് കത്തില്‍ ആവശ്യപ്പെട്ടു.ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന വ്യവസ്ഥകള്‍ നിയന്ത്രണത്തിന്റെ പരിധി കടന്ന് ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും ബാധിക്കുന്നതാണ്.
ഇത്രയും വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളെ, പാര്‍ലമെന്റില്‍ സമഗ്രമായ ചര്‍ച്ചകള്‍ക്കും പൊതുചര്‍ച്ചകള്‍ക്കും വിധേയമാക്കാതെ, വെറും ചട്ടഭേദഗതികളിലൂടെയും വിജ്ഞാപനങ്ങളിലൂടെയും നടപ്പാക്കുന്നത് ജനാധിപത്യപരമായ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമനിര്‍മ്മാണ സഭയുടെ പരിശോധനയും പൊതുജനാഭിപ്രായവും ഒഴിവാക്കി, പിന്‍വാതില്‍ വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമമാണിത്.
പുതിയ ചട്ടങ്ങള്‍ പ്രകാരം എഫ്.സി.ആര്.എ. രജിസ്ട്രേഷന് ഉള്ള സംഘടനകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന 105 പ്രവര്‍ത്തന വിഭാഗങ്ങളില്‍ നിന്ന് മാത്രമേ പ്രവര്‍ത്തന മേഖലകള്‍ തിരഞ്ഞെടുക്കാന്‍ കഴിയൂ. ഇതിനു പുറമെ, സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാവുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെടുകയാണ്. പ്രവര്‍ത്തനമാരംഭിച്ച ശേഷം, മറ്റൊരു സംസ്ഥാനത്തേക്കോ പുതിയ പ്രവര്‍ത്തന മേഖലയിലേക്കോ വ്യാപിക്കണമെങ്കില്‍ വീണ്ടും പ്രത്യേക അനുമതി തേടേണ്ടിവരും.
ഇത് രാജ്യത്തുടനീളം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, തീരദേശ, ആദിവാസി മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ തുടങ്ങിയവ നടത്തുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈബി ഈഡന് ചൂണ്ടിക്കാട്ടി. പ്രകൃതിദുരന്തങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍, അതിവേഗ ഇടപെടല്‍ വേണ്ടി വരുമ്പോള്‍, ജനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായം വൈകിപ്പിക്കാനും തടസ്സപ്പെടുത്താനും ഇതിടയാക്കും.




