
തിരുവനന്തപുരം: സംസ്ഥാനത്തെ ദുർബല വിഭാഗങ്ങൾക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കും കൈത്താങ്ങായി ‘വൺ കേരള കരുതൽ മിഷൻ’ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തി. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായിരിക്കും പുതിയ പദ്ധതി.
സാമ്പത്തിക പരാധീനത മൂലം ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്നവർക്കും പണമില്ലാത്തതു മൂലം കുട്ടികളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവർക്കുമായിരിക്കും പദ്ധതിമൂലം പ്രയോജനം ലഭിക്കുക. സന്നദ്ധ സംഘടനകൾ, വ്യക്തികൾ, സർക്കാർ ഇതര സംഘടനകൾ, സി എസ് ആർ ഫണ്ടുകൾ എന്നിവ സുതാര്യമായി അർഹരിലേക്ക് എത്തിക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുന്നത്.
ഈ പദ്ധതി മൂലം സംഭാവനകൾ അർഹരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കാൻ സാധിക്കും. ഇതിനായി തത്സമയ വെളിപ്പെടുത്തൽ സംവിധാനം പ്രയോജനപ്പെടുത്തും. ഇത് സംഭാവന നൽകുന്നവർക്ക് വിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും. മിഷന്റെ പ്രവർത്തന ചെലവുകൾ സർക്കാർ വഹിക്കും. സംഭാവനകൾ അർഹരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കും.






