
തിരുവനന്തപുരം: കേരളത്തിലെ നാല് പ്രധാന ക്ഷേത്രങ്ങളെ തിരുപ്പതിയുടെ മാതൃകയിൽ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനം നടത്തി.
ക്ഷേത്രങ്ങളോട് ചേർന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി അഞ്ച് കോടി രൂപ വകയിരുത്തി. തിരുവിതാംകൂർ ദേവസ്വത്തിനുള്ള വാർഷിക വിഹിതത്തിനായി അഞ്ച് കോടി രൂപ വകയിരുത്തി. മലബാർ ദേവസ്വം ബോർഡിന് മറ്റു ദേവസ്വങ്ങളെപ്പോലെ കൂടുതൽ അധികാരം നൽകും. ഇതിനായി ചട്ടങ്ങൾ രൂപീകരിക്കും.
ആറൻമുള പള്ളിയോടങ്ങൾക്ക് നൽകിവരുന്ന ഗ്രാന്റ് പതിനായിരം രൂപയിൽ നിന്ന് പതിനയ്യായിരം രൂപയാക്കി വർദ്ധിപ്പിച്ചു. ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാനായി ഒരു കോടി രൂപയും. തൃശൂരിലെ തേക്കിൻകാട് മൈതാനം നവീകരിക്കാൻ 10 കോടി രൂപയും വകയിരുത്തി.






