
ഇന്ത്യന്‍ വിപണിയില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ മോഡലായ eC3X ഔദ്യോഗികമായി അവതരിപ്പിച്ചു. 2026 മോഡല്‍ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 10.25 ലക്ഷം രൂപ മാത്രമാണ്. ഉപഭോക്താക്കളുടെ പ്രാരംഭ ചെലവുകള്‍ ലഘൂകരിക്കുന്നതിനായി ബാറ്ററി സബ്സ്‌ക്രിബ്ഷന്‍ സ്‌കീമും ഈ മോഡലിലൂടെ കമ്പനി ആദ്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങാനുള്ള പ്രാരംഭ ചെലവ് കുറയ്ക്കുന്നതിനായി 'ബാസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാറ്ററി ആസ് എ സര്‍വീസ് പദ്ധതിയും സിട്രണ്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പ്രത്യേക സ്‌കീം വഴി കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെറും 6.89 ലക്ഷം രൂപയ്ക്ക് ഈ ഇവി സ്വന്തമാക്കാവുന്നതാണ്. ബാസ് സ്‌കീം തിരഞ്ഞെടുക്കുന്നവര്‍ കാറിന്റെ ബാറ്ററിയുടെ വില തുടക്കത്തില്‍ നല്‍കേണ്ടതില്ല. അതിന് പകരമായി വാഹനം ഓടിക്കുന്ന ഓരോ കിലോമീറ്ററിനും വെറും 2.26 രൂപ വീതം ബാറ്ററി ഇഎംഐ (EMI) ആയി കമ്പനിക്ക് നല്‍കിയാല്‍ മതിയാകും. കുറഞ്ഞ ബജറ്റില്‍ ഇലക്ട്രിക് കാര്‍ സ്വപ്നം കാണുന്നവര്‍ക്ക് ഇത് വലയ ആശ്വാസമാണ്. ഒട്ടനവധി അത്യാധുനിക മാറ്റങ്ങളോടെയാണ് പുതിയ സിട്രണ്‍ ഇസിത്രീഎക്സ് വിപണിയില്‍ എത്തിയിട്ടുള്ളത്. പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, കോസ്മോ ബ്ലൂ, പെര്‍ല നേരാ ബ്ലാക്ക്, ഗാര്‍നെറ്റ് റെഡ്, ഡീപ്പ് ഫോറസ്റ്റ് ഗ്രീന്‍ തുടങ്ങി 6 ആകര്‍ഷകമായ നിറങ്ങളില്‍ eC3X കാര്‍ ലഭ്യമാണ്.
മികച്ച ശേഷിയുള്ള 29.2 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഈ ഇവി കാറിന് കരുത്ത് പകരുന്നത്. ഈ ബാറ്ററി സിസ്റ്റം സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഈ കരുത്തുറ്റ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 56 bhp പവറും 143 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന ഈ വാഹനം നഗരങ്ങളിലെ കനത്ത ട്രാഫിക്കിലും ഹൈവേകളിലും മികച്ച ഡ്രൈവിംഗ് നിയന്ത്രണവും സുഗമമായ യാത്രയും ഉറപ്പാക്കുന്നു. പരമാവധി 320 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.






