
ചെന്നൈയിലെ പ്ലാന്റില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് അസംബിള്‍ ചെയ്യുന്ന പുതിയ മോഡലായ കണ്‍ട്രിമാന്‍ C (Mini Countryman C ) ഇന്ത്യയില്‍ അവതരിപ്പിച്ചു. 47.50 രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ലക്ഷ്വറി എസ്യുവിയെ വിപണിയിലെത്തിച്ചിരിക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന JCW All4 വേരിയന്റിനേക്കാളും 18.65 ലക്ഷം രൂപ വിലക്കുറവിലാണ് പുത്തന്‍ കണ്‍ട്രിമാന്‍ C പുറത്തിറക്കിയിരിക്കുന്നത്.
മുന്‍ തലമുറ മോഡലിനേക്കാള്‍ കൂടുതല്‍ വൃത്തിയുള്ള ബോഡി സര്‍ഫേസിംഗ്. ഒക്ടാഗണല്‍ ഗ്രില്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത മാട്രിക്‌സ് എല്‍ഇഡി ടെയില്‍-ലാമ്പുകള്‍, മുന്നിലും പിന്നിലും ഡിആര്‍എല്ലുകള്‍ക്ക് കസ്റ്റമൈസ് ചെയ്യാനാവുന്ന ലൈറ്റ് സിഗ്‌നേച്ചറുകള്‍ എന്നിവയെല്ലാം ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന പുതിയ കണ്‍ട്രിമാന്‍ C എസ്യുവിക്ക് ലഭിക്കുന്നുണ്ട്.
കണ്‍ട്രിമാന്‍ C 19 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണുള്ളത്. എസ്യുവി അഞ്ച് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. കൂടാതെ കോണ്‍ട്രാസ്റ്റിംഗ് റൂഫ് ഫിനിഷും മിനി നല്‍കിയിട്ടുണ്ട്. കണ്‍ട്രിമാന്‍ C എസ്യുവിയുടെ വലിപ്പത്തിലേക്ക് നോക്കിയാല്‍ 4,447 മില്ലീമീറ്റര്‍ നീളവും 1,843 മില്ലീമീറ്റര്‍ വീതിയും 1,661 മില്ലീമീറ്റര്‍ ഉയരവും 2,692 മില്ലീമീറ്റര്‍ വീല്‍ബേസും 190 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമാണുള്ളത്.
വൃത്താകൃതിയിലുള്ള 9.4 ഇഞ്ച് ഒഎല്‍ഇഡി ടച്ച്സ്‌ക്രീനാണ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിനായി കൊടുത്തിരിക്കുന്നത്. ഇതിലൂടെയാണ് വാഹനത്തിന്റെ മിക്ക പ്രവര്‍ത്തനങ്ങളും ഇന്‍ഫോടെയ്ന്‍മെന്റ് കണ്‍ട്രോളുകളും പ്രവര്‍ത്തിപ്പിക്കുന്നത്. ഹെഡ്-അപ്പ് ഡിസ്പ്ലേ, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഹാര്‍മന്‍ കാര്‍ഡണ്‍ 12-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, പനോരമിക് ഗ്ലാസ് റൂഫ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പാര്‍ക്കിംഗ് അസിസ്റ്റ്, ഡ്രൈവര്‍ സീറ്റില്‍ മസാജ് ഫംഗ്ഷന്‍, ഒന്നിലധികം എയര്‍ബാഗുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. കാറിലെ പിന്‍ സീറ്റുകള്‍ക്ക് 130 മില്ലീമീറ്റര്‍ വരെ സ്ലൈഡ് ചെയ്യാനും 25 ഡിഗ്രി വരെ റിക്ലൈന്‍ ചെയ്യാനും കഴിയും.
പുതിയ കണ്‍ട്രിമാന്‍ C എസ്യുവിയുടെ ബൂട്ട് സ്പേസ് 505 ലിറ്ററാണെന്നും മിനി പറയുന്നു. പിന്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ 1,450 ലിറ്ററായി വികസിപ്പിക്കാനും കഴിയും. കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ആംബിയന്റ് ലൈറ്റിംഗ്, മിനി ഡിജിറ്റല്‍ കീ പ്ലസ്, തിരഞ്ഞെടുക്കാവുന്ന 'മിനി എക്സ്പീരിയന്‍സ്' ഡ്രൈവ് മോഡുകള്‍ എന്നിവയും എസ്യുവിയുടെ ഭാഗമാണ്. സുരക്ഷാ സവിശേഷതകളില്‍ ഫ്രണ്ട് കൊളീഷന്‍ വാണിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, അറ്റന്‍ഷന്‍നെസ് അസിസ്റ്റ്, ആക്റ്റീവ് പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍, റിവേഴ്സിംഗ് അസിസ്റ്റ് തുടങ്ങിയ ADAS ഫംഗ്ഷനുകളാണ് ഉള്‍പ്പെടുന്നത്.
കണ്‍ട്രിമാന്‍ C എസ്യുവിയില്‍ 156 bhp കരുത്തില്‍ പരമാവധി 240 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവായി ഡിസൈന്‍ ചെയ്തിരിക്കുന്ന മോഡലിന് 9.0 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയും മണിക്കൂറില്‍ 212 കിലോമീറ്ററിന്റെ പരമാവധി വേഗവുമാണുള്ളത്. 15.92 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഉണ്ട്.






