
ഇന്ത്യന്‍ വിപണിയില്‍ ജര്‍മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷ തങ്ങളുടെ ഏറ്റവും പുതിയ 911 GT3 (Porsche 911 GT3) അവതരിപ്പിച്ചു. റേസിംഗ് കാര്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെയും മെക്കാനിക്കല്‍ നവീകരണങ്ങളുടെയും കരുത്തിലാണ് ഇപ്പോള്‍ രാജ്യത്ത് എത്തിച്ചിരിക്കുന്നത്. പോര്‍ഷയുടെ പെര്‍ഫോമന്‍സ് കാര്‍ പോര്‍ട്ട്‌ഫോളിയോയിലേക്ക് എത്തുന്ന ഈ മോഡലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 3.32 കോടി രൂപയാണ്. ട്രാക്ക് റേസിംഗിനും സാധാരണ റോഡ് ഉപയോഗത്തിനും ഒരുപോലെ അനുയോജ്യമായ ഈ സൂപ്പര്‍ കാറിന്റെ ബുക്കിംഗും രാജ്യത്തുടനീളമുള്ള പോര്‍ഷെ ഡീലര്‍ഷിപ്പുകള്‍ വഴി ആരംഭിച്ചിട്ടുണ്ട്.
4.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫ്ലാറ്റ്-സിക്സ് പെട്രോള്‍ എഞ്ചിനാണ് ഈ പുതിയ 911 GT3 മോഡലിനും കരുത്ത് പകരുന്നത്. ഈ എഞ്ചിന് പരമാവധി 510 hp പവറും 450 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. ഈ എഞ്ചിനൊപ്പം 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 7-സ്പീഡ് PDK ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. കടുത്ത സ്പോര്‍ട്സ് കാര്‍ പ്രേമികള്‍ക്കായി മാനുവല്‍ ഗിയര്‍ബോക്‌സ് നിലനിര്‍ത്തിയിട്ടുണ്ട്. PDK ഓട്ടോമാറ്റിക് ഘടിപ്പിച്ച മോഡലിന് വെറും 3.4 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പാണെങ്കില്‍ ഇതേ വേഗതയിലെത്താന്‍ 3.9 സെക്കന്‍ഡ് സമയം എടുക്കും. വാഹനത്തിന്റെ പരമാവധി വേഗത മാനുവല്‍ പതിപ്പുകള്‍ക്ക് മണിക്കൂറില്‍ 311 കിലോമീറ്ററും, പിഡികെ ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് മണിക്കൂറില്‍ 307 കിലോമീറ്ററുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ട്രാക്ക് റേസിംഗില്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 43.90 ലക്ഷം രൂപ അധികം മുടക്കില്‍ 'വൈസാക്ക് പാക്കേജ്' കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഈ പാക്കേജില്‍ കാറിന്റെ ബോണറ്റ്, റൂഫ്, റിയര്‍ വിംഗ് എന്നിവ കാര്‍ബണ്‍ ഫൈബര്‍ റൈന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (CFRP) ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കാറിന്റെ ഭാരം ഗണ്യമായി കുറയ്ക്കും. ഈ പാക്കേജിന്റെ ഭാഗമായി ഉള്‍വശത്ത് കാര്‍ബണ്‍ ഫൈബര്‍ റോള്‍ കേജ്, ലൈറ്റ്വെയിറ്റ് ഡോര്‍ പാനലുകള്‍, റേസിംഗ് ആവശ്യങ്ങള്‍ക്കായുള്ള സിക്സ്-പോയിന്റ് ഹാര്‍നെസ് ബെല്‍റ്റുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ മെക്കാനിക്കല്‍ അപ്‌ഗ്രേഡിന്റെ ഭാഗമായി സിഎഫ്ആര്‍പി (CFRP) ആന്റി-റോള്‍ ബാറുകളും ഇതിലുണ്ട്. ഇത് കാറിന്റെ ഷാസിക്ക് ഉയര്‍ന്ന കരുത്തും ട്രാക്കുകളില്‍ മികച്ച പെര്‍ഫോമന്‍സും നല്‍കും.
പുതിയ 911 GT3 സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് കാര്‍ ഡിസൈന്‍ ചെയ്യാനുള്ള വിപുലമായ കസ്റ്റമൈസേഷന്‍ സൗകര്യങ്ങള്‍ പോര്‍ഷ മുന്നോട്ട് വെക്കുന്നുണ്ട്. ഇതിനായി കമ്പനി ഒരുക്കിയിട്ടുള്ള 'പെയിന്റ് ടു സാമ്പിള്‍' (Paint to Sample) പ്രോഗ്രാമിലൂടെ 149 തരം അധിക നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ 23.17 ലക്ഷം രൂപ അധികമായി നല്‍കണം. ഇതിലും ഉയര്‍ന്ന 'പെയിന്റ് ടു സാമ്പിള്‍ പ്ലസ്' പദ്ധതി വഴി ഉപഭോക്താവ് ആഗ്രഹിക്കുന്ന ഏത് സ്പെഷ്യല്‍ നിറവും തിരഞ്ഞെടുക്കാം, എന്നാല്‍ ഇതിനായി ബേസ് മോഡലിന്റെ വിലയ്ക്ക് പുറമെ 55.21 ലക്ഷം രൂപ അധികമായി നല്‍കേണ്ടി വരും. ഇവ കൂടാതെ സെറാമിക് കോമ്പോസിറ്റ് ബ്രേക്കുകളും ലൈറ്റ്വെയിറ്റ് ബക്കറ്റ് സീറ്റുകളും ഓപ്ഷണലായി ലഭ്യമാണ്.
--






