
വാഷിങ്ടൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കോംഗോയ്ക്കെതിരെ സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ ടീമിനും നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. റൊണാൾഡോയ്ക്ക് സഹതാരങ്ങൾ വേണ്ടത്ര പന്ത് കൈമാറുന്നില്ലെന്നും അദ്ദേഹത്തെ ഗ്രൗണ്ടിൽ ഒറ്റപ്പെടുത്തുകയാണെന്നുമുള്ള ആരോപണങ്ങളും ഒരു വിഭാഗം ആരാധകർ ഉന്നയിച്ചു.
ഈ വിമർശനങ്ങൾക്കാണ് ഇപ്പോൾ ബ്രൂണോ ഫെർണാണ്ടസ് മറുപടി നൽകിയത്. പോർച്ചുഗലിനായി ലോകകപ്പ് നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്നും, ഒരൊറ്റ താരത്തിന്റെ വ്യക്തിഗത കണക്കുകൾ ഉയർത്താനല്ല തങ്ങൾ കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റൊണാൾഡോയ്ക്ക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന വിമർശനം താൻ കണ്ടിട്ടുണ്ടെന്നും, എന്നാൽ മൈതാനത്ത് സംഭവിക്കുന്ന കാര്യങ്ങൾ പലപ്പോഴും ആളുകൾ തെറ്റായി മനസിലാക്കുന്നുണ്ടെന്നും ബ്രൂണോ വ്യക്തമാക്കി. പോർച്ചുഗലിന് റൊണാൾഡോ എത്രമാത്രം പ്രിയപ്പെട്ട താരമാണെന്ന് അറിയാമെന്നും ആരാധകരുടെ വികാരം താൻ മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ നായകനും രാജ്യത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരവുമാണെന്നും, ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ താരങ്ങളിൽ ഒരാളാണെന്നും ബ്രൂണോ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ അസാധാരണമാണെന്നും, അത് വീണ്ടും ആവർത്തിക്കപ്പെടാൻ സാധ്യതയില്ലെന്നും ടീമിലെ എല്ലാവർക്കും ബോധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.






